എം.ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Sunday, December 22, 2024 2:06 AM IST
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവന്‍നായരുടെ ആരോഗ്യനില വലിയ മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നതായി ഇന്നലെ ഉച്ചയോടെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസത്തേതില്നിന്നു നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
ഞായറാഴ്ച രാത്രിയാണു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന് ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഒപ്പമുണ്ട്.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, ചിഞ്ചുറാണി, സാഹിത്യകാരന് എന്‍.എന്‍. കാരശേരി, എം. കെ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എന്നിവര്‍ ഇന്നലെ ആശുപത്രിയില്‍ എം.ടിയെ സന്ദര്‍ശിച്ചു.