ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; സർക്കാർ നിയമോപദേശം തേടും
Sunday, December 22, 2024 2:06 AM IST
തിരുവനന്തപുരം: സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അയച്ച വക്കീൽ നോട്ടീസിൽ സർക്കാർ നിയമോപദേശം തേടും.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ അവഹേളിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ അസാധാരണ നീക്കം സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ പഴി കേൾക്കുന്ന സർക്കാരിന് പ്രശാന്തിന്റെ നീക്കം പുതിയ തലവേദനയായി.
ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താൻ നൽകിയ പരാതിയിൽ നടപടിയെടുക്കാത്ത ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടീസിൽ പ്രശാന്ത് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിനു ശേഷമേ വക്കീൽ നോട്ടീസിന്റെ കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കൂ.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ ഐഎഎസ് എന്നിവർക്കെതിരേയാണ് എൻ. പ്രശാന്ത് വക്കീൽ നോട്ടീസയച്ചത്.
തനിക്കെതിരേ വ്യാജരേഖ നിർമിച്ചെന്നാരോപിച്ചാണ് ജയതിലകിനും ഗോപാലകൃഷ്ണനും പ്രശാന്ത് നോട്ടീസ് അയച്ചിട്ടുള്ളത്. ഉന്നതി സിഇഒ പദവി ഒഴിഞ്ഞതിനു ശേഷം പ്രശാന്ത് ഫയലുകൾ കൈമാറിയില്ലെന്ന് വ്യക്തമാക്കുന്ന കെ. ഗോപാലകൃഷ്ണന്റെ രണ്ട് കത്തുകൾ പുറത്തു വന്നിരുന്നു. ജയതിലകും ഗോപാലകൃഷ്ണനും ചേർന്ന് ഇത് വ്യാജമായി തയാറാക്കിയതാണെന്നാണ് പ്രശാന്തിന്റെ വാദം.
ഇത്തരത്തിൽ സർക്കാർ രേഖയിൽ കൃത്രിമം കാട്ടിയവർക്കെതിരേ നടപടി വേണമെന്നും ഇല്ലെങ്കിൽ കോടതി മുഖാന്തിരം ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തെ ചേരിപ്പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.