വാഹനത്തില്‍ വിദ്യാര്‍ഥികളുടെ അഭ്യാസം; നടപടിയുമായി എംവിഡി
Sunday, December 22, 2024 1:15 AM IST
കൊച്ചി: കോളജിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സുരക്ഷാനിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിദ്യാര്‍ഥികള്‍. പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളജില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഡ്രൈവിംഗിനിടെ വാഹനങ്ങള്‍ക്കു മുകളില്‍ കയറിയും സ്റ്റെപ്പിനിക്ക് മുകളില്‍ ഇരുന്നും കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പുറത്തുവന്നതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തെത്തി.
കോളജ് കോമ്പൗണ്ടിനു പുറത്ത് പൊതുറോഡിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. നിരവധി വാഹനങ്ങളിലാണ് വിദ്യാര്‍ഥികള്‍ കോളജിലേക്കു വന്നത്. സീറ്റ്ബെല്‍റ്റ് പോലുള്ള പ്രാഥമിക സുരക്ഷാസംവിധാനങ്ങള്‍ പോലും വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നില്ല. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലേക്കു കടന്നത്.
സംഭവത്തില്‍ ഏതാനും ചിലരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു പിഴയടക്കം ഈടാക്കും. വാഹന ഉടമകള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.