ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്തു പണം തട്ടി
Saturday, December 21, 2024 12:47 AM IST
കാസര്‍ഗോഡ്: ഇസ്രയേലിലേക്ക് വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി കര്‍ണാടക സ്വദേശികളായ ഷോണ്‍ ഷെട്ടി, അരുണ്‍പ്രകാശ് വാസ്, രോഹിത് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മംഗളൂരുവിലെ റോഷന്, ഇസഹാഖ് എന്നീ ഏജന്റുമാര്‍ വഴിയാണ് ഇവര്‍ വീസയ്ക്കു വേണ്ടി പണം നല്‍കിയത്. പത്തുപേര്‍ക്കാണ് ഇസ്രായേലിലെ കോഹെന് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഫാം ഹൗസിലെ ജോലിക്കായി വീസ വാഗ്ദാനം ചെയ്തത്.
എറണാകുളം കടവന്ത്രയിലെ സ്പൈസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി സ്ഥാപനത്തിലേക്ക് ഇവരെ എത്തിച്ച് ഇന്റര്‍വ്യൂ നടത്തുകയും എഗ്രിമെന്റ് ഒപ്പിടുവിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് യുവാക്കളില്‍നിന്നു 60,000 രൂപ വീതം വാങ്ങിയത്. കൂടാതെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയെല്ലാം ഒറിജിനലും ഇവര്‍ വാങ്ങിവച്ചു.
ഈവര്‍ഷം ജൂണിലാണ് ഇവരില്‍നിന്ന് അക്കൗണ്ട് വഴി പണം വാങ്ങിയത്. രാജേഷ്, ഷോണ്‍ ഷെട്ടി എന്നിവര്‍ക്ക് കോഹെന് എന്ന കന്പനിയുടെ പേരിലുള്ള ഓഫര്‍ ലെറ്റര്‍ അയച്ചുകൊടുത്തു. വീസ പിന്നാലെ നല്‍കാമെന്നും അറിയിച്ചിരുന്നു.
ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെത്തുടര്‍ന്ന് യുവാക്കള്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന നാട്ടുകാരനായ സന്ദീപ് എന്നയാള്‍ വഴി അന്വേഷിച്ചപ്പോഴാണ് അവിടെ അങ്ങനെ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നും തട്ടിപ്പാണെന്നും ഇവര്‍ക്ക് മനസിലായത്. അരുണ്‍ പ്രകാശില്‍നിന്നും ഇതേ രീതിയില്‍ പണം വാങ്ങിയിരുന്നുവെങ്കിലും ഓഫര്‍ ലെറ്റര്‍ കിട്ടിയിരുന്നില്ല. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ മറ്റുള്ളവര്‍ ആരും പണം നല്കാന് തയാറായില്ല.
1.40 ലക്ഷം രൂപ ശമ്പളവും താമസസൗകര്യവുമാണ് ഇവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്. എറണാകുളത്തെ സ്പൈസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ ജസ്റ്റിന് ജോസിന്റെ പേരിലാണ് ഇതില്‍ രണ്ടുപേര്‍ പണം അയച്ചുകൊടുത്തത്.
ഒരാള്‍ സബ് ഏജന്റായ ഇസഹാഖിന്റെ ഭാര്യ അനീഷ ഡിസൂസയുടെ പേരിലുള്ള അക്കൗണ്ടിലേക്കുമാണു പണം അയച്ചുകൊടുത്തത്. സബ് ഏജന്റുമാരായ റോഷനും ഇസഹാഖും ഇതിനുശേഷം വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നു ഇവര്‍ പറഞ്ഞു.
തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഷോണ്‍ ഷെട്ടി ഉഡുപ്പി ഷിരുവ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ആയി പോലീസ് അന്വേഷണം തുടരുകയും ജസ്റ്റിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മരവിപ്പിച്ച അക്കൗണ്ട് ഓപ്പണ്‍ ആക്കിയാല്‍ പണം മടക്കി തരാമെന്ന് ജസ്റ്റിന് പറഞ്ഞതായി ഇവര്‍ പറയുന്നു.