നാട്ടാനകളുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നു ഹൈക്കോടതി
Friday, December 20, 2024 2:16 AM IST
കൊച്ചി: സംസ്ഥാനത്തെ നാട്ടാനകളുടെ കൃത്യമായി എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നു ഹൈക്കോടതി.
ഓരോ ജില്ലയിലും സര്‍വേ നടത്താന്‍ ജില്ലാ കളക്ടറെയും സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒയെയും ചുമതലപ്പെടുത്തണമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ഓരോ ആനയു ടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കുകയും ഇതു ക്രോഡീകരിച്ച് ഈ ഉദ്യോഗസ്ഥന് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. ആനകളുടെ പ്രായം എങ്ങനെ നിശ്ചയിക്കാനാകും എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 349 നാട്ടാനകളുള്ളതില് 124 എണ്ണത്തിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. കണക്കിലുള്പ്പെട്ട ആനകളില്‍ ചിലത് ചരിഞ്ഞിട്ടുണ്ടാകും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ സര്‍വേയ്ക്ക് കോടതി ഉത്തരവിട്ടത്. ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പിടിച്ചെടുത്ത ആനകളെ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്കിയ ഹർജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്.