സിനിമാ മേഖലയിലെ ചൂഷണം; നോഡല്‍ ഓഫീസറുടെ അധികാരം വിപുലപ്പെടുത്തി ഹൈക്കോടതി
Friday, December 20, 2024 2:16 AM IST
കൊച്ചി: സിനിമാ മേഖലയിലെ ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിന് നോഡല്‍ ഓഫീസറുടെ അധികാരം വിപുലപ്പെടുത്തി ഹൈക്കോടതി.
ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും നോഡല്‍ ഓഫീസര്‍ക്കു പരാതി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. സാക്ഷികള്‍ക്കു ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്കു മുന്നില്‍ ജനുവരി 31 വരെ നല്‍കാമെന്നും പരാതികള്‍ നോഡല്‍ ഓഫീസര്‍ എസ്ഐടിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിക്കാരുടെ സ്വകാര്യത നോഡല്‍ ഓഫീസറായ കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലി ഉറപ്പുവരുത്തുകയും വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയും വേണമെന്ന് ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണു നിര്‍ദേശം.
പരാതി നല്‍കിയവരെ അവരുള്‍പ്പെട്ട സംഘടനകളില്‍നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പുറത്താക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. നിലവില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും നാല് കേസുകളിൽ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള നടി രഞ്ജിനിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.
സുപ്രീംകോടതിയെ സമീപിച്ചതിനുശേഷം എസ്ഐടി നിരന്തരം ബന്ധപ്പെടുന്നുവെന്നും ഹേമ കമ്മിറ്റി തന്റെ മൊഴി ഏതു തരത്തിലാണു രേഖപ്പെടുത്തിയതെന്ന് വ്യക്തതയില്ലെന്നുമാണ് നടിയുടെ പരാതി.
മൊഴി പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടിക്കു താത്പര്യമുള്ളൂവെന്നും രഞ്ജിനി കോടതിയെ അറിയിച്ചു. മൊഴി നല്കാന് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.