കേന്ദ്ര ബജറ്റ്: 24,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നു കേരളം
Saturday, December 21, 2024 2:28 AM IST
തിരുവനന്തപുരം: അടുത്ത സാന്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ കേരളത്തിനും പ്രത്യേക സാന്പത്തിക പാക്കേജും വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ രാജസ്ഥാനിലെ ജയ്സാൽമറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.
കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തിൽനിന്നാണ് കണ്ടെത്തുന്നത്. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്.
ജിഎസ്ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്റും അവസാനിപ്പിക്കൽ, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പിന്റെയും സർക്കാർ സംരംഭങ്ങളുടെ വായ്പയുടെയും പേരിൽ സംസ്ഥാനത്തിന്റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്ക്കൽ, നികുതിയില്‍ ഉണ്ടായ വലിയ കുറവ് എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാന്പത്തിക ബുദ്ധിമുട്ടും പണക്ഷാമവും പരിഹരിക്കാൻ അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള പ്രത്യേക പാക്കേജ് അനുവദിക്കണം.
കഴിഞ്ഞ ജൂണിൽ നടന്ന പ്രീബജറ്റ് ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കേജ് ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും കെ.എൻ. ബാലഗോപാൽ ചുണ്ടിക്കാട്ടി. ജിഎസ്ടി സന്പ്രദായം പുർണസജ്ജമാകുന്നതുവരെ ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണം. ദുരന്ത ബാധിതർക്കായി വീടുകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗണ്‍ഷിപ്പ് നിർമാണത്തിന് ഈ പാക്കേജ് ആവശ്യമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിന് മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്. ഇങ്ങനെ സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയെ കടമടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.