ശിവഗിരി തീർഥാടന ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: ശിവഗിരി തീർഥാടന മഹാമഹം ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെ ശിവഗിരി മഠത്തിൽ നടക്കും.
30ന് രാവിലെ 10ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം നിർവഹിക്കുമെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി എം.ബി. രാജേഷ്, അടൂർ പ്രകാശ് എംപി അടക്കമുള്ളവർ പങ്കെടുക്കും.
രാവിലെ 11.30നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടിയും ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാലും വൈകുന്നേരം അഞ്ചിനു നടക്കുന്ന ശുചിത്വ, ആരോഗ്യ സമ്മേളനം മന്ത്രി വീണാ ജോർജും ഉദ്ഘാടനം ചെയ്യും.
31നു രാവിലെ 5.30നു തീർഥാടന ഘോഷയാത്ര ആരംഭിക്കും. പത്തിന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് വ്യവസായ, ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സർവമത സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും.
ജനുവരി ഒന്നിനു രാവിലെ പത്തിന് വിദ്യാർഥി യുവജന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.