പഴകിയ മരുന്ന് സംഭരിച്ച് നശിപ്പിക്കാന്‍ പ്രത്യേക പദ്ധതി
Saturday, December 21, 2024 2:28 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: നിശ്ചിത കാലാവധി കഴിഞ്ഞ മരുന്നുകളും ലേപനങ്ങളും ഉപയോഗശേഷം മിച്ചം വരുന്ന മരുന്നുകളും ശാസ്ത്രീയമായി നശിപ്പിക്കുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പുതിയ പദ്ധതിക്ക് പുതുവര്‍ഷത്തില്‍ തുടക്കമാവും.
വന്‍തോതിലാണ് മരുന്ന് മാലിന്യങ്ങള്‍ ബാക്കിവരുന്നത്. പലപ്പോഴും ഉപയോഗശേഷം അവശേഷിക്കുന്നവ പുറത്തേക്കു വലിച്ചെറിയുകയാണ്. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ കാലാവധി കഴിഞ്ഞവ വലിച്ചെറിയുന്നത് പരിസ്ഥിതി പ്രശ്നങ്ങളും ആന്റി- മൈക്രോബിയല്‍ പ്രതിരോധം പോലുള്ള ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എന്‍ പ്രൗഡ് (nPROUD) എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പൈലറ്റ് പ്രോജക്റ്റായി കോഴിക്കോട് കോര്‍പറേഷനിലും ഉള്ളിയേരി പഞ്ചായത്തിലും നവംബര്‍ മുതല്‍ നടപ്പാക്കി വരികയാണ്. രണ്ടു ലക്ഷത്തോളം വീടുകളിലും നിരവധി മെഡിക്കല്‍ സ്റ്റോറുകളുമാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.
ദിവസവും വലിയ തോതിലാണ് ഇവിടങ്ങളില്‍നിന്ന് ബാക്കിയാകുന്ന മരുന്ന് ശേഖരിക്കുന്നത്. പദ്ധതി വിജയമായതോടെ വിശദ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകാരത്തോടെ സംസ്ഥാനത്തൊട്ടാകെഎന് പ്രൗഡ് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മാതൃകയിലാണ് പദ്ധതി. ഹരിത കര്‍മ സേനയും കുടുംബശ്രീയും ചേര്‍ന്നു ഫീസില്ലാതെ മരുന്നുകള്‍ വീടുകളില്‍നിന്ന് ശേഖരിക്കും.
മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത്തരം മരുന്നുകള്‍ സംഭരിക്കാന്‍ നീല ബിന്നുകള്‍ സജീകരിക്കും.
ചില്ലറ വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ആശുപത്രികള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളില്‍നിന്ന് കിലോയ്ക്ക് 40 രൂപ വാങ്ങിയാണ് ശേഖരണം. ഇവ ഒരു ഏജന്സിയ്ക്കു കൈമാറി അനുവദനീയമായ സ്ഥലത്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്.