കെ. സുരേന്ദ്രന് നേരിട്ടു ഹാജരാകുന്നതിന് ഹൈക്കോടതി ഇളവ് അനുവദിച്ചു
Saturday, December 21, 2024 2:28 AM IST
കൊച്ചി: ടി.ജി. നന്ദകുമാര്‍ നല്കിയ അപകീര്‍ത്തിക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഹൈക്കോടതി ഇളവ് അനുവദിച്ചു.
തനിക്കെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുരേന്ദ്രന് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്. എതിര്‍കക്ഷികളോടു വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും ജനുവരി 16ന് പരിഗണിക്കാന്‍ മാറ്റി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് നന്ദകുമാര്‍ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇയാള്‍ക്കെതിരേ ‘കാട്ടുകള്ളന്’, ‘വിഗ്രഹം മോഷ്ടിച്ചവന്’ തുടങ്ങിയ ആരോപണങ്ങള്‍ സുരേന്ദ്രന് ഉന്നയിച്ചത്.
ആരോപണങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി നന്ദകുമാര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുരേന്ദ്രന് കോടതിയെ സമീപിച്ചത്.