സഭാവിരുദ്ധ പ്രതിഷേധസംഗമങ്ങളില് വിശ്വാസികൾ പങ്കെടുക്കരുതെന്ന് മാർ ബോസ്കോ പുത്തൂർ
Saturday, December 21, 2024 12:47 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ അച്ചടക്കം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിയമാനുസൃതമായി കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തു സഭയിലെ വൈദികരെയും സന്യസ്തരെയും അല്മായരെയും തെറ്റിദ്ധരിപ്പിച്ചു ചില വ്യക്തികള്‍ തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ ഇടവകകളില്‍ വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്ന് വൈദിക, സന്യസ്ത, അല്മായ സമൂഹങ്ങളോട് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ആവശ്യപ്പെട്ടു.
ഇത്തരം പ്രതിഷേധ സമ്മേളനങ്ങള്‍, അതോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടങ്ങിയവ സഭയുടെ നിയമാനുസൃതമായ സംവിധാനത്തിനെതിരേയാണെന്നത് അവര്‍ പ്രചരിപ്പിക്കുന്ന നോട്ടീസില്നിന്നു വ്യക്തമാണ്.
സഭയെ സ്നേഹിക്കുന്ന വൈദികര്‍, സന്യസ്തര്‍, അല്മായ വിശ്വാസികള്‍ എല്ലാവരും സഭാകൂട്ടായ്മയ്ക്കു വിഘാതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഇത്തരം തെറ്റായ സമ്മേളനങ്ങളുടെയും സംഗമങ്ങളുടെയും ഭാഗമാകരുതെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഓര്‍മിപ്പിച്ചു.