അധ്യാപകനെ ഭീഷണിപ്പെടുത്തി; എംഎസ് സൊല്യൂഷന്‍സ് ഉടമ വീണ്ടും വിവാദത്തില്‍
Saturday, December 21, 2024 12:47 AM IST
കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ സിഇഒ ഷുഹൈബ് വീണ്ടും വിവാദക്കുരുക്കില്‍.
എംഎസ് സൊല്യൂഷന്‍സിനെ പിന്തുടരരുതെന്നു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട ഒരു അധ്യാപകനെ ഫോണില്‍ വിളിച്ചാണ് ഷുഹൈബ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവന്നു.
ഷുഹൈബിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് അധ്യാപകന് തെളിവുസഹിതം ആരോപണമുന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപകന് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്യൂഷനില്‍ മാത്രം ശ്രദ്ധിക്കരുതെന്നാണ് അധ്യാപകന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
ഈ വിവരം വിദ്യാര്‍ഥികളില്‍ നിന്ന് അറിഞ്ഞ ഷുഹൈബ് അധ്യാപകന്റെ നമ്പര്‍ തേടിപ്പിടിച്ച് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. വീട്ടില്‍വന്ന് പണിയുമെന്നു ഷുഹൈബ് അധ്യാപകനോടു പറയുന്നതായാണു ശബ്ദസന്ദേശത്തിലുള്ളത്. ഇതിനുമുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തുന്നുവെന്ന ആരോപണം പല അധ്യാപകരും എംഎസ് സൊല്യൂഷന്സിനെതിരേ ഉയര്‍ത്തിയിട്ടുണ്ട്.
എംഎസ് സൊല്യൂഷന്സിനെതിരേ ശബ്ദിച്ചതിന് അധ്യാപകനെ ഷുഹൈബ് കടുത്ത ഭാഷയില്‍ അസഭ്യം പറയുന്നുമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ആണയിടുന്ന ഷുഹൈബ്, മറ്റ് ഓണ്‍ലൈന്‍ ട്യുഷന് പ്ലാറ്റ്ഫോമുകളില്‍ വന്ന ചോദ്യങ്ങള്‍ തങ്ങള്‍ പകര്‍ത്തുക മാത്രമാണു ചെയ്തതെന്ന വാദമാണു മുന്നോട്ടുവയ്ക്കുന്നത്.