നടി മീന ഗണേഷ് അരങ്ങൊഴിഞ്ഞു
Friday, December 20, 2024 12:48 AM IST
ഷൊർണൂർ: പ്രമുഖ സിനിമാ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. ഇന്നലെ പുലർച്ചെ 1.20നു ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു.
പ്രമുഖ നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്. മക്കൾ: സീരിയൽ സംവിധായകൻ മനോജ് ഗണേഷ്, സംഗീത. സംസ്കാരം ഷൊർണൂർ ശാന്തിതീരത്തു നടത്തി.
നൂറിലേറെ സിനിമകളിലും ഇരുപത്തഞ്ചോളം സീരിയലുകളിലുമായി അമ്മവേഷങ്ങളിലും ഹാസ്യവേഷങ്ങളിലും തിളങ്ങിയ നടിയാണ് മീന ഗണേഷ്. പിതാവ് കെ.പി. കേശവൻനായരുടെ വഴിയിലൂടെ നാടകരംഗത്തുനിന്നാണു ചലച്ചിത്രരംഗത്തെത്തിയത്.
സൂര്യസോമ, കേരള തിയറ്റേഴ്സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളിൽ പ്രവർത്തിച്ചു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെതുടർന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
1976-ൽ പുറത്തുവന്ന പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യചിത്രം. കലാഭവൻ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, മീശമാധവൻ, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ മീനയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.