വെയര്‍ഹൗസിംഗ് കോര്പറേഷന് എംഡി നിയമനം റദ്ദാക്കി
Saturday, December 21, 2024 12:47 AM IST
കൊച്ചി: റിട്ട. ഡിവൈഎസ്പി അനില്‍ എസ്. ദാസിനെ സംസ്ഥാന വെയര്‍ഹൗസിംഗ് കോര്പറേഷന് മാനേജിംഗ് ഡയറക്ടറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
ഡയറക്ടര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് യോഗ്യതയില്ലാത്തയാളെ എംഡിയായി നിയമിച്ചതെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് ഡി.കെ. സിംഗിന്റെ ഉത്തരവ്. എംഡി നിയമനം സുതാര്യമായിരുന്നില്ലെന്ന് ആരോപിച്ച് തസ്തികയിലേക്കു പരിഗണിച്ച തിരുവനന്തപുരം സ്വദേശി കെ. വിക്രമന്റെ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഡയറക്ടര്‍ ബോര്‍ഡിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുടെ എതിര്‍പ്പ് പരിഗണിക്കാതെ 2023 ജനുവരി 16നായിരുന്നു നിയമനം. വെയര്‍ഹൗസിംഗ് കോര്പറേഷന് ആക്ടില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അഭിപ്രായം കണക്കിലെടുക്കണമെന്നു പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊതുസ്ഥാപനത്തിലേക്കുള്ള നിയമനം ഭരണാധികാരികളുടെ ഇഷ്ടത്തിനും താത്പര്യത്തിനും അനുസരിച്ചല്ല, യോഗ്യതയുടെ അടിസ്ഥാനത്തിലും സുതാര്യവുമായാണു നടത്തേണ്ടത്.
എന്നാല്‍, എംഡി നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും പിന്നില്‍ രാഷ്ട്രീയതാത്പര്യമുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി.