അഭിമന്യു വധക്കേസ്: റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
Saturday, December 21, 2024 2:28 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി തേടി.
പ്രതികളുടെ വിചാരണ അനിശ്ചിതമായി വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഇടുക്കി വട്ടവട സ്വദേശി ഭൂപതി നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ നിര്‍ദേശം.
2018 സെപ്റ്റംബര്‍ 24ന് കുറ്റപത്രം നല്‍കിയിട്ടും വിചാരണ നടപടികള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണു ഹര്‍ജി.പ്രതികളിൽ ഏറെപ്പേരും വിചാരണയ്ക്കു ഹാജരാകാത്തതിനാല്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കേണ്ടി വരുന്നതായി ഹര്‍ജിയില്‍ പറയുന്നു. വിചാരണ അനിശ്ചിതമായി നീളുന്നത് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കും.
സാക്ഷികളിലേറെയും വിദ്യാര്‍ഥികളായതിനാല്‍ ജോലിക്കും മറ്റുമായി കേരളത്തിനും രാജ്യത്തിനും പുറത്തേക്കു പോകാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.