ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം
Saturday, December 21, 2024 12:47 AM IST
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ലൈംഗികാതിക്രമ കേസിലാണ് മുന്‍കൂര്‍ ജാമ്യം.
പുതിയ സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നതടക്കം ആരോപിച്ച് യുവനടി നല്കിയ പരാതിയില്‍ നെടുമ്പാശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണു മുന്‍കൂര്‍ ജാമ്യഹർജി നല്‍കിയത്.
സിനിമാചര്ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയാണു പരാതി. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണു മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഒമര്‍ വാദിച്ചത്.
ഹര്‍ജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ ശരിവയ്ക്കുന്നെങ്കിലും കേസിന്റെ വസ്തുതകളിലേക്കു കടക്കുന്നില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം നല്കിയാലും കേസന്വേഷണവുമായി പോലീസിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്.