സ്കൂൾ കലോത്സവ വേദികളുടെ പേരു നിശ്ചയിച്ചു
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേര് നിശ്ചയിച്ചു. സംസ്ഥാനത്തെ നദികളുടെ പേരുകളിലാവും എല്ലാ വേദികളും അറിയപ്പെടുക. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഭാരതപ്പുഴ എന്ന പേരിലാവും അറിയപ്പെടുക.
പെരിയാറും പന്പയാറും അച്ചൻകോവിലാറും കരമനയാറും ഭവാനി നദിയുമുൾപ്പെടെ 25 നദികളുടെ പേരിലാണ് വേദികൾ അറിയപ്പെടുക. നിശാഗന്ധി ഓഡിറ്റോറിയം കബനി നദി എന്ന പേരിലും അയ്യങ്കാളി ഹാൾ മയ്യഴിപ്പുഴ എന്ന പേരിലും പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ചിറ്റാരിപ്പുഴ എന്ന പേരിലുമാവും വേദികളാവുക. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലാണ് നടക്കുക.
മേളയിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ഉണ്ടാവുന്ന സംഘനൃത്തം, ഒപ്പന, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിരകളി, സംഘനൃത്തം, ഭരതനാട്യം, നാടോടി നൃത്തം ഇവയെല്ലാം സെൻട്രൽ സ്റ്റേഡിയത്തിലാണ് നടക്കുക.
കലോത്സവ വിവരങ്ങൾ വിശദമാക്കിയുള്ള പ്രോഗ്രാം ഷെഡ്യൂൾ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി.63ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടു വരെയാണ് തിരുവനന്തപുരത്തെ 25 വേദികളിലായി നടത്തുന്നത്.