എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
Saturday, December 21, 2024 2:28 AM IST
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി.വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസതടസത്തെത്തുടർന്നാണ് കഴിഞ്ഞദിവസം എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെയാണ് ആരോഗ്യനില വഷളായത്.
വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഓരോ മണിക്കൂറിലും ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. ഭാര്യ കലാമണ്ഡലം സരസ്വതിയും മക്കളായ സിതാരയും അശ്വതി വി. നായരും അടുത്ത ബന്ധുക്കളും അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
ആരോഗ്യനില വഷളായ വിവരമറിഞ്ഞ് സാഹിത്യ-സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ആശുപത്രിയിലെത്തി. എം.ടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു.