ദീർഘകാല കരാറിനുള്ള അനുമതി ജനങ്ങളെ പറ്റിക്കാൻ: കെ. സുധാകരൻ
Saturday, December 21, 2024 12:47 AM IST
തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതിനു ദീർഘകാല കരാറിൽ ഏർപ്പെടാൻ വൈദ്യുതി ബോർഡിന് അനുമതി നൽകിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
വൈദ്യുതി ബോർഡിന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുവാൻ ദീർഘകാല കരാറിൽ ഏർപ്പെടുത്തുന്നതിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇപ്പോൾ അനുമതി നല്കിയിരിക്കുന്നത്.
4.29 രൂപ നിരക്കിൽ 2042 വരെ വൈദ്യുതി വാങ്ങുന്നതിന് നേരത്തെ ഏർപ്പെട്ടിരുന്ന കരാർ റദ്ദ് ചെയ്തതു പരമ അബദ്ധമായിപ്പോയെന്ന ചിന്തയിൽ നിന്നാണ് ഈ നടപടി ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന 4.29 രൂപയിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി കരാറിൽ ഏർപ്പെടാൻ ആരും തയാറാവില്ല. അതുകൊണ്ടുതന്നെ പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന് പകൽ പോലെ വ്യക്തമാണ്.
കാർബൊറാണ്ടം കന്പനിക്ക് മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടി നൽകുവാൻ വകുപ്പുമന്ത്രിയും സിപിഐ മന്ത്രിമാരും അറിയാതെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.