കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഊഷ്മള സ്വീകരണം
Sunday, December 22, 2024 1:15 AM IST
ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപത എസ്ബി കോളജിലെ മാര്‍ കാവുകാട്ടു ഹാളില്‍ ഒരുക്കിയ സ്വീകരണം ഊഷ്മള സ്നേഹാദരവായി.
എസ്ബി കോളജ് അങ്കണത്തിലെത്തിയ കര്‍ദിനാളിനെ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഷാളണിയിച്ച് സ്വീകരിച്ചു. ഹൈദരാബാദ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയോടുള്ള പ്രതിബദ്ധതയും പാവപ്പെട്ടവരോടുള്ള കരുണാര്‍ദ്ര സ്നേഹവും ത്യാഗനിര്‍ഭരമായ ജീവിതവുമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ ശൈലിയെന്നും, അദ്ദേഹത്തിനു ലഭിച്ച പദവി ഭാരതസഭയ്ക്ക് ഫ്രാന്‍സിസ് പാപ്പ നല്കിയ സമ്മാനവും അംഗീകാരവുമാണെന്നും കര്‍ദിനാള്‍ ആന്റണി പൂള അഭിപ്രായപ്പെട്ടു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. എല്ലാ മനുഷ്യരെയും ഒന്നായിക്കണ്ട് അവര്‍ക്ക് ശുശ്രൂഷ ചെയ്യാനുള്ള വലിയ ദൈവനിയോഗമാണ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ലഭിച്ച കര്‍ദിനാള്‍ പദവിക്കുള്ളതെന്ന് മാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരവും മാര്‍ തോമസ് തറയില്‍ സമര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, മന്ത്രി റോഷി അഗസ്റ്റിന്, ശശി തരൂര്‍ എംപി, ശിവഗിരി ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.