കാസർഗോഡിന്റെ സൗന്ദര്യം ആസ്വദിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രിയും ഭാര്യയും
Sunday, December 22, 2024 1:15 AM IST
ബേക്കൽ: ദേശീയ ടൂറിസം ഭൂപടത്തിൽ കാസർഗോഡിന്റെ സ്ഥാനം വീണ്ടും അടയാളപ്പെടുത്തി രണ്ടു വിഐപി സന്ദർശകർ. വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം ജയിച്ച് വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹേമന്ദ് സോറനാണ് ഭാര്യ കല്പനാ സോറൻ എംഎൽഎയ്ക്കൊപ്പം ഏതാനും ദിവസത്തെ വിശ്രമത്തിനായി ബേക്കലിലെത്തിയത്.
താജ് ഹോട്ടലിലെ താമസത്തിനൊപ്പം വിഐപി പരിവേഷമില്ലാതെ തികച്ചും സാധാരണ വിനോദസഞ്ചാരികളായി ജില്ലയിലെ വിവിധയിടങ്ങൾ സന്ദർശിച്ചു. കഴിഞ്ഞദിവസം കവ്വായിക്കായലിൽ ഹൗസ്ബോട്ട് യാത്രയും നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിൽനിന്നാണ് ഹേമന്ദ് സോറനും കല്പനാ സോറനും ഹൗസ്ബോട്ട് യാത്ര നടത്തിയത്. രണ്ടു മണിക്കൂറിലധികം നീണ്ട യാത്രയ്ക്കിടെ ഹൗസ്ബോട്ടിനുള്ളിൽ തയാറാക്കിയ ഉരുളക്കിഴങ്ങ് ബജിയും ഉള്ളിവടയും ചായയും കഴിച്ചു.
ഹൗസ്ബോട്ടിലെ ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. മൻമോഹൻസിംഗ് സർക്കാരിൽ ധനമന്ത്രിയായിരിക്കെ പ്രണബ് മുഖർജി ബജറ്റ് തയാറാക്കുന്നതിനായി ബേക്കൽ താജ് ഹോട്ടലിൽ ഏതാനും ദിവസം തങ്ങിയിരുന്നു.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ കുമരകത്ത് വിശ്രമത്തിനായി എത്തിയതും ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുംനിന്നുള്ള രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ കേരളം ഇഷ്ട വിശ്രമകേന്ദ്രമായി മാറുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.