മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഷംഷാദ് ഹുസൈന്
Sunday, December 22, 2024 2:06 AM IST
കൊച്ചി: മുനമ്പത്തെ തര്‍ക്കഭൂമി വഖഫിന്റേതല്ലെന്ന് അബ്ദുള്‍ സത്താര്‍ ഹാജി മൂസാ സേട്ടിന്റെ ചെറുമകള്‍ ഷംഷാദ് ഹുസൈന് സേട്ട്.
മുനമ്പത്തെ ഭൂമി മുത്തച്ഛനായ സത്താര്‍ സേട്ടിന് തിരുവിതാകൂര്‍ രാജാവ് പാട്ടത്തിനു നല്‍കിയതാണെന്നും ഈ പാട്ടഭൂമി എങ്ങനെ പിന്തുടര്ച്ചാവകാശഭൂമിയായി മാറ്റാന്‍ കഴിയുമെന്നതടക്കം അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ഷംഷാദ് പറഞ്ഞു.
ശരിയത്ത് നിയമമനുസരിച്ച് അനന്തരാവകാശികൾ ഉണ്ടായിരിക്കെ ഒരാളുടെ സ്വത്തിന്റെ മൂന്നിലൊന്നു മാത്രമേ വഖഫ് ചെയ്യാനാകൂ. എന്നിരിക്കെ മുനമ്പത്തെ മൊത്തം ഭൂമി എങ്ങനെ വഖഫ് ചെയ്യാനാകുമെന്ന് ഷംഷാദ് ഹുസൈന് ചോദിച്ചു. മുനമ്പം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിരവധി തെളിവുകള്‍ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഷംഷാദിന്റെ വലതുകൈക്കു പരിക്കേറ്റത് മുനമ്പം വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതിന്റെ പ്രതികാരമാണെന്നും ഇവര്‍ക്കു പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് കെന്നഡി കരിമ്പിന്‍കാലായില്‍ ആവശ്യപ്പെട്ടു. മുനമ്പം വിഷയം സിബിഐ അന്വേഷിക്കണമെന്നും ഇരുവരും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.