തൊടുപുഴ അരുവിക്കുത്തിൽ വിദ്യാർഥികൾ മുങ്ങി മരിച്ചു
Sunday, December 22, 2024 2:06 AM IST
തൊടുപുഴ: മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മുട്ടം എൻജിനിയറിംഗ് കോളജ് വിദ്യാർഥികളായ ഇടുക്കി മുരിക്കാശേരി തേക്കിൻതണ്ട് കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സുഹൃത്ത് കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സ റെജി (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴോടെ ഡോണലിന്റെയും പിന്നീട് അഗ്നിരക്ഷാസേനയെത്തി നടത്തിയ തെരച്ചിലിൽ അക്സയുടെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. ഡോണൽ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും അക്സ ഒന്നാംവർഷ വിദ്യാർഥിനിയുമാണ്.
ഡോണലിന്റെ മൃതദേഹം വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നും അക്സയുടേത് 50 മീറ്റർ മാറിയുമാണ് ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. ഇന്നലെ കോളജ് അവധിയായിരുന്നു. വീട്ടിൽ പോകുകയാണെന്നാണ് ഇരുവരും സഹപാഠികളോട് പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
വലിയ പാറകളും കുഴികളും നിറഞ്ഞ അരുവിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച് പരിചയമില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.