വനസംരക്ഷണത്തിന്റെ പേരില്‍ കിരാത നിയമങ്ങള്‍ സൃഷ്ടിക്കരുത്: മാര്‍ തോമസ് തറയില്‍
Sunday, December 22, 2024 2:06 AM IST
ചങ്ങനാശേരി: വനനിയമത്തിന്റെ പേരില്‍ കിരാത നിയമങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ സാധാരണ മനുഷ്യരെ കാട്ടുമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തേമസ് തറയില്‍.
ഈ നിയമത്തിനെതിരേ പറയേണ്ട എംഎല്‍എമാരും രാഷട്രീയക്കാരും വേണ്ടതുപോലെ പഠിച്ചു പറയുന്നില്ല. എംഎല്‍എമാര്‍ ഈവിഷയം ഗൗരവമായി പഠിക്കണം. വനഭേദഗതിനിയമം ഒരിക്കലും നിയമസഭയില്‍ പാസാക്കില്ലെന്നാണ് കരുതുന്നത്. ജനാധിപത്യ രാജ്യത്ത് ജനങ്ങളെ കാട്ടുമൃഗങ്ങള്‍ക്ക് ഇരയാക്കരുത്.
നിയമനിര്‍മ്മാണസഭയില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങളല്ല, സഹായിക്കുന്ന നിയമങ്ങളാണ് രൂപീകരിക്കേണ്ടത്.
ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.