ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം: കണക്കിലെ മാജിക്കുമായി രാമചന്ദ്രൻ
Sunday, December 22, 2024 1:15 AM IST
സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: ഗണിതശാസ്ത്രത്തിലെ അത്ഭുതങ്ങളും കൗതുകങ്ങളും കണ്ടെത്തി ഗണിതശാസ്ത്ര വിദ്യാർഥികൾക്കു മാത്രമല്ല, സാധാരണക്കാരനുവരെ കണക്കിനോട് പ്രിയം ജനിപ്പിക്കുകയാണ് ഇരിങ്ങാലക്കുടയിലെ റിട്ട. ബാങ്ക് മാനേജർ തെക്കേമഠം രാമചന്ദ്രൻ എന്ന 72കാരൻ.
കണക്കിലെ ഏതൊരു ചോദ്യത്തിനും, അതു ഗുണനമോ ഹരണമോ വർഗമോ വർഗമൂലമോ എന്തുമാവട്ടെ, സെക്കന്ഡുകൾക്കുള്ളിൽ രാമചന്ദ്രൻ ഉത്തരം നൽകും. നീണ്ട 15 വർഷത്തെ റിസർച്ചിനൊടുവിൽ 155 ഗണിതസൂത്രവിദ്യകളാണ് ഇദ്ദേഹം കണ്ടെത്തിയത്.
“കണക്ക് ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണ്. കണക്കില്ലാതെ ഈശ്വരനുപോലും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. അത്ഭുതങ്ങളുടെ ആകത്തുകയാണ് ഗണിതം”- ടി.എൻ. രാമചന്ദ്രൻ പറയുന്നു.
ചെറുപ്പംമുതലേ പ്രിയം
കുഞ്ഞുന്നാളിലേ രാമചന്ദ്രനു കണക്കിനോടു പ്രിയമായിരുന്നു. 1972-ൽ ബിഎസ്സി മാത്തമാറ്റിക്സ് പാസായത് കാലിക്കട്ട് വാഴ്സിറ്റി രണ്ടാംറാങ്കോടെ. കനറാ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ പലർക്കും കണക്ക് ട്യൂഷൻ എടുത്തു. രണ്ടുവർഷത്തിനുശേഷം ബാങ്ക് ഓഫ് ബറോഡയിൽ. ഇവിടത്തെ 38 വർഷം നീണ്ട ഒൗദ്യോഗികജീവിതത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ജോലിചെയ്തു. സീനിയർ മാനേജരായി വിരമിച്ചു.
ഉത്തരം സെക്കൻഡിനുള്ളിൽ, ലോസ്ഏഞ്ചൽസിൽ എൻട്രി
വിശ്രമജീവിതം ആനന്ദകരമാക്കാൻ പഴയ കണക്കിനോടു കൂട്ടുകൂടാൻ ഭാര്യ വസന്തയാണ് ഉപദേശിച്ചത്. അങ്ങനെ പരീക്ഷണങ്ങളിലൂടെ പുത്തൻ സൂത്രവാക്യങ്ങൾ കണ്ടെത്താൻ തുടങ്ങി. അതിനിടയിലാണ് അമേരിക്കയിലെ സിസ്കോയിൽ ഡയറക്ടറായ മകൻ സജീവിന്റെ അടുത്തേക്ക് ഭാര്യാസമേതം പോയത്. അച്ഛന്റെ കണക്കുപ്രണയം അറിയുന്ന മകൻ ചോദിച്ചു: ലോസ് ഏഞ്ചൽസിലെ മാത്സ് മ്യൂസിയം ഒന്നുപോയി കണ്ടാലോ? അകത്തു കടക്കണമെങ്കിൽ എൻട്രൻസിൽതന്നെ ചോദിക്കുന്ന ചോദ്യത്തിന് മൂന്നു മിനിറ്റിനകം ഉത്തരം നൽകണം. ഏതു സംഖ്യയെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാലാണ് 12345678987654321 എന്ന് ഉത്തരം കിട്ടുക എന്നായിരുന്നു ചോദ്യം. ഞൊടിയിടയിൽ ഉത്തരം പറഞ്ഞു, 1111111 X1111111 . വെറും 1.8 സെക്കൻഡുകൊണ്ട് ഏറ്റവും വേഗത്തിൽ ഉത്തരം പറഞ്ഞ ലോകത്തെ രണ്ടാമനായി പ്രവേശനം. ഒപ്പം സമ്മാനമായി മാത്സ് അസോസിയേഷന്റെ അംഗത്വവും. ഈ അംഗത്വം പുതുക്കണമെങ്കിൽ ഓരോ വർഷവും നാലു പുതിയ സൂത്രവാക്യങ്ങളോ കണ്ടെത്തലുകളോ സബ്മിറ്റ് ചെയ്യണം. ഇതോടെ അത്യുത്സാഹമായി. ഓരോ മാസവും ഒന്നുവീതം കൊടുക്കാൻ തുടങ്ങി. അങ്ങനെയാണ് പുത്തൻ സൂത്രവാക്യങ്ങൾ പിറന്നത്.
ഏറ്റവും പ്രധാനപ്പെട്ട നന്പർ എന്നത് ദൈവത്തിന്റെ സ്വന്തം നന്പർ എന്നറിയപ്പെടുന്ന 9 തന്നെയാണ്. ഒന്പതുമായി ബന്ധപ്പെട്ട നിരവധി സൂത്രവാക്യങ്ങളാണ് രാമചന്ദ്രൻ കണ്ടെത്തി അവതരിപ്പിച്ചത്.
വേദഗണിതം
സാന്പ്രദായികശൈലിയിൽ കണക്കുകൾ ചെയ്യുന്നതിനുപകരം ഞൊടിയിടയിൽ ഉത്തരം കണ്ടെത്തുന്ന സൂത്രമാണു വേദഗണിതം. ഇതിന്റെ ആശാനാണ് ടി.എൻ. രാമചന്ദ്രനിപ്പോൾ. ഒരു വ്യാഴവട്ടക്കാലമായി താൻ നടത്തിയ റിസർച്ചുകളിലൂടെ കണ്ടെത്തിയ 155 സൂത്രവാക്യങ്ങളുണ്ട് ഇദ്ദേഹത്തിന്റെ കൈയിൽ.