ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂവബിൾ എനർജി സമ്മിറ്റ് മാർച്ചിൽ
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂവബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിലാണു സമ്മേളനം. കെഎസ്ഇബി, കേരള എനർജി മേനേജ്മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പുനരുപയോഗ ഊർജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി വാതകം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി എന്നിവരുടെ സാന്നിധ്യത്തിൽ സമ്മിറ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
വൈദ്യുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, അനർട്ട് സിഇഒ നരേന്ദ്രനാഥ് വേളൂരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗ്രീൻ ഹൈഡ്രജൻ രംഗത്തെ സാധ്യതകൾ, വെല്ലുവിളികൾ, പുത്തൻ ചുവടുവയ്പുകൾ എന്നിവ ദ്വിദിന സമ്മേളനത്തിൽ ചർച്ചാവിഷയങ്ങളാകും. പുനരുപയോഗ ഊർജരംഗത്തെ വികസനങ്ങളും പുത്തൻ മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഇ-ഗവൺമെന്റ് മാഗസീനിന്റെ പ്രത്യേക പതിപ്പ് സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ഗവേഷകർ, വ്യാവസായിക ഉപയോക്താക്കൾ, ഊർജവിദഗ്ധര് ഉൾപ്പെടെ മുന്നൂറിൽപ്പരം ഡെലിഗേറ്റുകൾ സമ്മേളനത്തിൽ പങ്കെടുക്കും.