തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്: ജാഗ്രതാ നിർദേശവുമായി നോർക്ക
Monday, December 23, 2024 5:13 AM IST
തിരുവനന്തപുരം: തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്നു നോർക്കയുടെ ജാഗ്രതാ നിർദേശം. തായ്ലൻഡ്, കന്പോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണു തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർമാർക്കറ്റ്, ഹണിട്രാപ്പ്, ഓണ്‍ലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കന്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്കു സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്റുമാർ മുഖേനയുമാണു തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്. ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശന്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേണ്‍ എയർ ടിക്കറ്റുകളും വീസാ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്റുമാർ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയാണു റിക്രൂട്ട് ചെയ്യുന്നത്.
നിയമവിരുദ്ധമായി തായ്ലൻഡിൽനിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിലും കന്പോഡിയ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓണ്‍ലൈനായും ഫോണ്‍ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്.
ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കാണ് ഇത്തരത്തിൽ കെണിയിൽ വീഴുന്നവർ ഇരയാകുന്നത്.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വീസ ഓണ്‍ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ല. ഇത്തരം വീസകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലെ അധികാരികൾ വർക്ക് പെർമിറ്റും നൽകുന്നില്ല. ടൂറിസ്റ്റ് വീസ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. തൊഴിൽ ആവശ്യത്തിനായി തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത ഏജന്റുമാർ മുഖേന മാത്രം അത് ചെയ്യണം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വ്യാജ തൊഴിൽ ഓഫറുകൾ സ്വീകരിക്കരുത്.
അതത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസി വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കണം. ഇന്ത്യയിലെ റിക്രൂട്ടിംഗ് ഏജന്റിനും കന്പനിക്കും ലൈസൻസ് ഉള്ളതാണോയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന പരിശോധിക്കാം.
സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം:
തായ്ലൻഡ്- എമർജൻസി മൊബൈൽ നന്പർ: +66-618819218, ഇ-മെയിൽ: cons.bangkok@mea.gov.in.
കന്പോഡിയ- എമർജൻസി മൊബൈൽ നന്പർ: +855 92881676, ഇ-മെയിൽ: cons. phnompenh@mea.gov.in, visa.phnompenh@mea.gov.in.
മ്യാൻമർ- മൊബൈൽ നന്പർ- +9595419602 (Whats App/Viber/Signal), ഇ-മെയിൽ: cons.yangon@mea. gov.in.
ലാവോസ്- എമർജൻസി മൊബൈൽ നന്പർ: +856-2055536568, ഇമെയിൽ: cons. vientianne@mea.gov.in.
വിയറ്റ്നാം- എമർജൻസി മൊബൈൽ നന്പർ: +84-913089165, ഇമെയിൽ: cons. hanoi@mea.gov.in/pptvisa.hanoi@mea.gov.in.