കുപ്രസിദ്ധ ഗുണ്ട ഷംനാദ് പിടിയിൽ
Monday, December 23, 2024 5:21 AM IST
ആലുവ: യുഎപിഎ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദിനെ(35)യാണു കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
എടിഎസ് ഡിഐജി പുട്ട വിമലാദിത്യക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാൾ വലയിലായത്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണു ഷംനാദെന്ന് പോലീസ് പറഞ്ഞു.
വധശ്രമമടക്കം 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്റ്റ് 17ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശൂർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.