വ്യാപാരിയുടെ മരണം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.വി. അൻവർ
Monday, December 23, 2024 5:20 AM IST
കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കട്ടപ്പനയിലെ വ്യാപാരി സാബു ജീവനൊടുക്കിയ സംഭവത്തിൽ കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പി.വി. അൻവർ എംഎൽഎ. സാബുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.
പോലീസിന്റെ അന്വേഷണം നിലവിൽ ശരിയായ രീതിയിലല്ല. പിണറായി വിജയന്റെ പോലീസാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് എങ്ങുമെത്തില്ല.
ജീവിക്കാൻ അനുവദിക്കില്ല എന്ന സിപിഎം നേതാവിന്റെ ഭീഷണി വട്ടിക്കു പണം കൊടുക്കുന്ന ഗുണ്ടാസംഘങ്ങളുടെ നിലവാരത്തിലാണ്. കുടുംബത്തോടൊപ്പം എന്ന സിപിഎം നിലപാട് നവീൻ ബാബുവിന്റെ കുടുംബത്തോട് പറഞ്ഞതുപോലെയാണെന്നും അൻവർ പറഞ്ഞു. ചികിത്സയ്ക്കു ചോദിച്ച രണ്ടു ലക്ഷം രൂപ നൽകാതെ സാബുവിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നും അൻവർ ആരോപിച്ചു.
സഹകരണസംഘം മനുഷ്യരെ സഹായിക്കാൻ ഉണ്ടാക്കിയതാണ്. സിപിഎം അതിനെ കുത്തകവത്കരിക്കുകയും മനുഷ്യർക്കു വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തവിധം പലിശ ഈടാക്കുകയുമാണ്. -അൻവർ ചൂണ്ടിക്കാട്ടി.