വ്യാപാരിയുടെ മരണം : നീതി ലഭിക്കുംവരെ പോരാടുമെന്ന് ഭാര്യ മേരിക്കുട്ടി
Monday, December 23, 2024 5:21 AM IST
കട്ടപ്പന: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ മരണത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ഭാര്യ മേരിക്കുട്ടി. നിക്ഷേപത്തുക തിരിച്ചുകിട്ടണം. പോലീസ് അന്വേഷണം തുടരട്ടേയെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്നും മേരിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരായ ജീവനക്കാരെ ശിക്ഷിക്കണം. ഒന്നര വര്‍ഷത്തിനിടെ പലതവണ സഹകരണസംഘം ജീവനക്കാര്‍ അപമര്യാദയായി പെരുമാറി.
സാബു മരിക്കുന്നതിന്റെ തലേദിവസം സംഘം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരുടെ മോശമായ പെരുമാറ്റമാണ് സാബുവിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത്. നിക്ഷേപത്തുകയില്‍ ഒന്നേകാല്‍ ലക്ഷംരൂപ പ്രതിമാസ തവണകളായി നല്‍കാമെന്നാണു പറഞ്ഞിരുന്നത്. ആശുപത്രിയില്‍ പോകേണ്ടതിനാല്‍ രണ്ടു ലക്ഷം രൂപ ആവശ്യമായി വന്നതോടെയാണു സംഘത്തെ സമീപിച്ചത്. എന്നാല്‍, ജീവനക്കാര്‍ പണം നല്കാന് കൂട്ടാക്കിയില്ല. അടുത്തദിവസം സാബു വീണ്ടും ഓഫീസിലെത്തിയപ്പോഴും അവര്‍ നിരാകരിച്ചു. പിന്നീട് മകന് അവരെ സമീപിച്ചപ്പോഴാണ് രണ്ടുതവണയായി 80,000 രൂപ നല്‍കിയത്. സെക്രട്ടറിയെ വിളിച്ചപ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ പറഞ്ഞ് കയര്‍ത്തതായും മേരിക്കുട്ടി വെളിപ്പെടുത്തി.
അന്വേഷണസംഘത്തെ എല്ലാ കാര്യങ്ങളും വിശദമായി ധരിപ്പിച്ചിട്ടുണ്ട്. ഫോണ്‍വിളികളുടെ റെക്കോര്‍ഡ് ഉള്‍പ്പെടെ കൈവശമുണ്ട്. ഇവ അന്വേഷണസംഘത്തിന് കൈമാറും. ആത്മഹത്യക്കുറിപ്പിലുള്ളവര്ക്കെതിരേ നടപടിയുണ്ടാകണം.
ഒരു തവണ മാത്രമാണു സംഘത്തില്‍നിന്ന് കൃത്യസമയത്ത് പണം നല്‍കിയത്. ഒന്നര വര്‍ഷത്തിനിടെ നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങി. പണം നല്കാതിരിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് സാബു പറഞ്ഞതായും മേരിക്കുട്ടി വെളിപ്പെടുത്തി.
അന്വേഷണം പുരോഗമിക്കുന്നതായി എസ്പി
സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ്. കട്ടപ്പന എഎസ്പി രാജേഷ്കുമാര്‍, കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകന്, തങ്കമണി എസ്എച്ച്ഒ എം.പി. എബി എന്നിവരടങ്ങുന്ന ഒന്‍പതംഗ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷിക്കും.
ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ അന്വേഷണപരിധിയിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചുവരുന്നതായും എസ്പി കട്ടപ്പനയില്‍ പറഞ്ഞു.
സത്യസന്ധവും നീതിപൂർവകവുമായ അന്വേഷണം വേണമെന്ന് മന്ത്രി റോഷി
ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ഇന്നലെ രാവിലെ പള്ളിക്കവലയിലെ വീട്ടിലെത്തിയ മന്ത്രി സാബുവിന്റെ ഭാര്യ മേരിക്കുട്ടി, ഇളയ മകന് അബിന്‍, സാബുവിന്റെ പിതാവ് തോമസ്, ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. സത്യസന്ധവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പാക്കും. പുറത്തുവന്ന വിവാദമായ ഫോൺ സംഭാഷണമടക്കം അന്വേഷണപരിധിയിൽ വരും. സംഭാഷണത്തിൽ രണ്ടു വശങ്ങളും കാണേണ്ടിവരും. കുടുംബത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഫോൺസംഭാഷണത്തിൽ കുടുംബം പറഞ്ഞതിന് അനുസരിച്ചുള്ള അന്വേഷണം നടക്കും.
സാബുവിന്റെ മക്കളുടെ ഭാവി പ്രധാനമാണ്. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച് ആലോചിക്കും. സഹകരണ സംഘത്തില്‍നിന്നു ലഭിക്കാനുള്ള നിക്ഷേപത്തുക സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തീരുമാനമെടുക്കും. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അന്വേഷണത്തിന്റെ പരിധിയില്‍വരുമെന്നും മന്ത്രി പറഞ്ഞു.
മാർ പുളിക്കൽ സാബുവിന്റെ വീട് സന്ദർശിച്ചു
സാബുവിന്റെ വീട് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സന്ദർശിച്ചു. സാബുവിന്റെ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും വീട്ടിലുണ്ടായിരുന്ന സാബുവിന്റെ സഹോദരൻ ഫാ. തോമസ് സിഎംഐ, സഹോദരി സിസ്റ്റർ എലിസബത്ത് എന്നിവരെയും ബിഷപ് ആശ്വസിപ്പിച്ചു.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയിലും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ഫാ. തോമസ് യുപിയിലെ മീററ്റിലും സിസ്റ്റർ എലിസബത്ത് ജലന്ധറിലും സേവനമനുഷ്ഠിക്കുകയാണ്.