വനനിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി കേരള കോണ്‍ഗ്രസ്-എം
Monday, December 23, 2024 5:13 AM IST
തിരുവനന്തപുരം: വനനിയമ ഭേദഗതിക്കെതിരേ കടുത്ത നിലപാടുമായി മുന്നോട്ടുപോകാൻ കേരള കോണ്‍ഗ്രസ് -എം. സംസ്ഥാന വ്യാപകമായി ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ പാർട്ടിയുടെ നിലപാട് ഇന്നു നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കും.
കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോണ്‍ഗ്രസ്-എം നിയമസഭാ കക്ഷി അംഗങ്ങൾ എല്ലാവരും സംഘത്തിലുണ്ടാവും. വനമേഖലയോടു ചേർന്ന് താമസിക്കുന്ന ആളുകളെ ഏറെ ദുരുതത്തിലാക്കുന്ന കാടൻ നിയമമെന്നാണു കേരള കോണ്‍ഗ്രസ് വനനിയമ ഭേദഗതിയെക്കുറിച്ച് പരാമർശിച്ചത്. കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മലയോര മേഖലകളകളിൽ ഉൾപ്പെടെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഈ വിഷയത്തിൽ ഇനിയും പിന്നോട്ടുനിന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടി ഒറ്റപ്പെടാൻ സാധ്യതയെന്ന വിലയിരുത്തലാണ് ഇത്തരത്തിൽ അടിയന്തരമായി മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്.
വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടമാകുകയും കാർഷിക ഉത്പന്നങ്ങളുടെ വിളനാശം വ്യാപകമാകുകയും ചെയ്യുന്നതിനിടെ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വനം നിയമംകൂടി നടപ്പാക്കാനുള്ള നീക്കം കേരള കോണ്‍ഗ്രസ് അണികൾക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉണ്ടാക്കിയത്. വനമേഖലയുടെ സമീപത്തുള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് പോലീസിനെക്കൂടി വിന്യസിക്കുക, വനപാലകരുടെ അമിതാധികാരം നിയന്ത്രിക്കുക, വനം നിയമഭേദഗതിയിൽ ആശങ്കയുള്ളവരെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളാവും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ കേരളാ കോണ്‍ഗ്രസ്-എം മുന്നോട്ടുവയ്ക്കുക.