വയനാട് പുനരധിവാസം: രണ്ടു ടൗണ്‍ഷിപ്പിൽ 5, 10 സെന്റിലായി വീട്
സ്വന്തം ലേഖകൻ
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് രണ്ടു ടൗണ്‍ഷിപ്പുകളിലായി അഞ്ച്, പത്തു സെന്റുകളിൽ വീടുകൾ നിർമിച്ചു നൽകാൻ ധാരണ. ഇതുസംബന്ധിച്ച പ്രസന്റേഷൻ ഇന്നലെ വൈകുന്നേരം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നടത്തി.
പുനരധിവാസ മാതൃക മന്ത്രിമാർ വിശദമായി പഠിച്ച ശേഷം 26ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കും. ബുധനാഴ്ച ക്രിസ്മസ് അവധിയായ സാഹചര്യത്തിലാണ് അടുത്ത മന്ത്രിസഭായോഗം വ്യാഴാഴ്ച ചേരുക. വയനാട്ടിലെ കൽപ്പറ്റയിലും നെടുന്പാലയിലുമുള്ള എസ്റ്റേറ്റുകളിലാണു ടൗണ്‍ഷിപ്പുകൾ നിർമിക്കുക.
1,000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകളാണു നിർമിച്ചുനൽകുന്നത്. മുകളിലേക്ക് അടു ത്ത നിലകൂടി നിർമിക്കാൻ കഴിയുംവിധത്തിലാണ് അടിസ്ഥാനം സജ്ജമാക്കുക. ആകെ 750 മുതൽ 800 കോടി വരെ രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. ടൗണ്‍ഷിപ്പിൽ ആശുപത്രികൾ, സ്കൂളുകൾ, അങ്കണവാടികൾ, കളിസ്ഥലങ്ങൾ, മറ്റു ജീവനോപാധികൾ അടക്കമുള്ള സംവിധാനങ്ങളുണ്ട്.
എന്നാൽ, വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന എസ്റ്റേറ്റുകളിലെ സ്ഥലം കോടതിക്കേസിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവയിലെ നിയമക്കുരുക്ക് ഒഴിവാക്കി ലഭിക്കുന്ന മുറയ്്ക്കേ ടൗണ്‍ഷിപ്പ് ഒരുക്കാനാകൂ. വീടു നിർമിക്കാൻ തയാറായ സ്പോൺസർമാർക്ക് രണ്ട് ഓപ്ഷനുകളാണു സർക്കാർ നൽകുക. മികച്ച ഉറപ്പുള്ള വീടുകൾ കാലതാമസം കൂടാതെ നിർമിച്ചുനൽകാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുള്ളവർക്കു ഭൂമി വിട്ടുകിട്ടുന്ന മുറയ്ക്കു കൈമാറി നൽകും. ഇവർ സർക്കാർ രൂപകല്പന ചെയ്യുന്ന തരത്തിലുള്ള വീടുകൾ നിർമിച്ചു നൽകണം. വീടു നിർമിച്ചു നൽകാൻ നിരവധി സംഘടനകൾ രംഗത്തെ ത്തിയിരുന്നു. ഇതിൽ ഏതാനും സംഘടനകൾ വീടുനിർമാണത്തിനു തയാറെടുപ്പും തുടങ്ങിയിട്ടുണ്ട്.
ഗുണഭോക്താക്കളുടെ കരട് പട്ടികയിലെ പിഴവ് തിരുത്താൻ ഹിയറിംഗ് നടത്തും. ആവശ്യമെങ്കിൽ ഫീൽഡ് പരിശോധനയും നടത്തും. ഉറപ്പുള്ള വീടുകൾ കാലതാമസം കൂടാതെ നിർമിച്ചു നൽകാൻ കഴിവില്ലെന്നു സർക്കാരിനു ബോധ്യമാകുന്നവർക്കു സ്ഥലം നൽകില്ല. പകരം ഇവർ വീടു നിർമാണത്തിനാവശ്യമായ തുക സർക്കാരിലേക്കു നൽകണം. സർക്കാർ സംവിധാനങ്ങൾ വീടു നിർമിച്ചു നൽകാനും ധാരണയായി.
വയനാട് ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കരടു പട്ടികയിൽ ഗുരുതര പിഴവു വരുത്തിയ തദ്ദേശ വകുപ്പ് പിഴവ് തിരുത്തണമെന്ന നിർദേശവും ഉയർന്നു. നിർണായക ഘട്ടത്തിൽ കരട് പട്ടികയിൽ ഗുരുതര പിഴവുണ്ടായത് സർക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ടായി.
സ്ഥിരം മന്ത്രിസഭാ യോഗത്തിൽ പ്രസന്റേഷൻ നടത്തിയാൽ എല്ലാ വിഷയങ്ങളിലും ശ്രദ്ധിക്കാൻ മന്ത്രിമാർക്കു സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം പ്രത്യേക മന്ത്രിസഭ ചേർന്ന് മണിക്കൂറുകൾ നീണ്ട പവർ പോയിന്റ് പ്രസന്റേഷൻ നടത്തിയത്.