പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല ; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി
Monday, December 23, 2024 5:21 AM IST
തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെഎഎസ് ദിനാഘോഷവും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍ അസോസിയേഷന് ഒന്നാം വാര്‍ഷിക സമ്മേളനവും മാസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുത്താനുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി, അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടെന്നും വ്യക്തമാക്കി.
കെഎഎസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ നിയമിച്ചത് പുരോഗമനപരമായ മാറ്റങ്ങള്‍ വകുപ്പുകളില്‍ കൊണ്ടുവരാനാണ്. പഴയതിന്റെ തുടര്‍ച്ചയ്ക്ക് അധ്യക്ഷത വഹിക്കാനുള്ള സ്ഥാനമല്ല കെഎഎസ്. മറിച്ച്, മാറ്റങ്ങള്‍ക്കും ജാഗ്രതാപൂര്‍ണമായ ഇടപെടലുകള്‍ക്കും നവീകരണത്തിനും പുതിയ ചാല് കീറാനുള്ളവരാണ് കെഎഎസ് ഉദ്യോഗസ്ഥര്‍. കെഎഎസ് ആദ്യബാച്ച് എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നിരുന്നു.
ഉദ്യോഗസ്ഥര്‍ നേരിട്ട സര്‍വീസ് പ്രശ്നങ്ങളില്‍ വലിയ അളവില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍തന്നെ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സ്പെഷല്‍ റൂള്‍ ഭേദഗതി സംബന്ധിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഓള് ഇന്ത്യ സര്‍വീസ് മാതൃകയില്‍ കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പിരിയോഡിക്കല്‍ ട്രെയിനിംഗ് നല്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും. അപ്രധാന വകുപ്പുകളെ സുപ്രധാനമുള്ളതാക്കി മാറ്റാന്‍ കെഎഎസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണം.
ജി20 ഉച്ചകോടിയുടെ യോഗങ്ങളിലും കേരളീയം, നവ കേരളസദസ് തുടങ്ങിയ പരിപാടികളിലും കെഎഎസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാന് നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഫയലുകളില്‍ തീരുമാനമെടുക്കാനുള്ള കാലതാമസം കുറയ്ക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കെഎഎസ് ഓഫീസര്‍ ചിത്രലേഖ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍ പങ്കെടുത്തു.