അർഥമുള്ള ക്രിസ്മസ് ആഘോഷങ്ങൾ
Monday, December 23, 2024 5:21 AM IST
ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത് നാം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലാണ്. ദൈവപുത്രനായ ഈശോമിശിഹായോടുള്ള സ്നേഹമാണോ, ആഗോളകന്പോളം നൽകുന്ന പ്രോത്സാഹനമാണോ ഇതിനു പിന്നില് എന്നതു സമ്മിശ്രമായ ഉത്തരങ്ങളുള്ള സമസ്യയാണ്. ഈ സാഹചര്യത്തിൽ സർവസാധാരണമായ ചില ക്രിസ്മസ് ആഘോഷങ്ങളുടെ ഉത്ഭവവും പരിണാമവും അർഥവും മനസിലാക്കുന്നത് ഉചിതമായിരിക്കും.
ജനകീയമായ ക്രിസ്മസ് ആഘോഷങ്ങളിൽ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത് സാന്താക്ലോസ് ആണ്. ഇന്നത്തെ തുർക്കിയിൽ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധനായ മെത്രാനായിരുന്നു ക്ലൗസ് അഥവ നിക്കോളാസ്. വിശുദ്ധൻ തന്റെ സന്പത്ത് മുഴുവൻ വിറ്റ് ദരിദ്രർക്ക് പങ്കുവച്ചിരുന്നു. കടം വീട്ടിയില്ലെങ്കിൽ വേശ്യാവൃത്തിക്കും അടിമവേലയ്ക്കുമായി വിൽക്കപ്പെടുമായിരുന്ന മൂന്ന് പെൺകുട്ടികളുടെ കടം സ്വന്തം സന്പത്ത് നൽകി വീട്ടി അവരെ വീണ്ടെടുത്തു രക്ഷിച്ചത് വിശുദ്ധന്റെ ജീവിതത്തിലെ പ്രശസ്തമായ സംഭവമാണ്.
തന്റെ ദാരിദ്ര്യത്താൽ, സ്വയം ശൂന്യവത്കരണത്താൽ മനുഷ്യവംശത്തെ സന്പന്നരാക്കാൻ മനുഷ്യനായി പിറന്ന ഈശോമിശിഹായിൽനിന്നു പ്രചോദനം സ്വീകരിച്ച് തന്റെ സന്പത്ത് ആവശ്യമുള്ളവർക്കു നൽകിയ സാന്റൊ ക്ലോസിന്റെ നല്ല മാതൃക നമ്മുടെ ജീവിതത്തിൽ പ്രയോഗികമാകുന്പോഴേ ആ വേഷംകെട്ടി ആടുന്ന ആഘോഷം അർഥപൂർണമാകുകയുള്ളൂ. പങ്കുവയ്ക്കാത്ത സന്പത്ത് സ്വർഗത്തിൽ ഇടമില്ലാത്ത സന്പത്താണ്. ‘ദരിദ്രനെ സഹായിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. ദൈവം അതു വീട്ടും’ (സുഭാഷിതങ്ങൾ 19:17) എന്ന് വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.
1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് ഇറ്റലിയിലെ ഗ്രേച്ചോ എന്ന സ്ഥലത്ത് ഈശോമിശിഹായുടെ ജന്മവുമായി ബന്ധമുള്ള രംഗങ്ങൾ ആദ്യമായി പുനരാവിഷ്കരിച്ചത്. ജീവനുള്ള മനുഷ്യരും മൃഗങ്ങളും ഉള്ള രംഗാവിഷ്കാരമായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസി വിഭാവനം ചെയ്തത്. പിന്നീട് പുല്ലും മരങ്ങളും മൺരൂപങ്ങളും കൊണ്ട് നിർമിക്കുന്ന പുൽക്കൂടുകൾ ചരിത്രത്തിൽ ഇടംപിടിച്ചു. വിശുദ്ധ ഫ്രാൻസിസ് ഈശോയുടെ ജന്മം ധ്യാനിക്കുവാനുള്ള ഒരു മാധ്യമമായാണു പുൽക്കൂട് നിർമിച്ചത്. മനസിന്റെ നവീകരണംവഴി ഹൃദയത്തിൽ ഒരുക്കുന്ന ആത്മീയ പുൽക്കൂടിൽ ഈശോ വന്നു പിറക്കേണ്ടതിന്റെ ആവശ്യകത ക്രിസ്മസ് കാലത്തെ ഒരു സുപ്രധാന ആത്മീയ ചിന്തയാണ്. ക്രിസ്മസ് കാലത്തിന്റെ ആരംഭം കുറിക്കുന്നത് നക്ഷത്രം നാട്ടിക്കൊണ്ടാണ്.
കിഴക്കുനിന്നു വന്ന പൂജരാജാക്കന്മാർക്കു വഴികാണിച്ചത് ഒരു നക്ഷത്രമായിരുന്നു. ഈശോ വസിക്കുന്നിടത്ത് നിലകൊണ്ട നക്ഷത്രം ഈശോസാന്നിധ്യത്തെ വിളിച്ചോതുന്നു. സഭാ പാരന്പര്യത്തിൽ കന്യകാമാതാവ് ഉഷഃകാല നക്ഷത്രമായാണു ചിത്രീകരിക്കപ്പെടുന്നത്. ചന്ദ്രൻ അസ്തമിക്കുകയും സൂര്യൻ ഉദിക്കുകയും ചെയ്യുന്ന വെളുപ്പാൻകാലത്തു കാണുന്ന നക്ഷത്രമാണ് ഉഷഃകാല നക്ഷത്രം. സൂര്യോദയത്തിന്റെ മുന്നോടി. മിശിഹാ സാന്നിധ്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണത്.
ഏദൻതോട്ടത്തിലെ മരത്തിന്റെ പഴം ഭക്ഷിച്ചു പാപം ചെയ്ത മനുഷ്യരെ രക്ഷിക്കാൻ മരത്തിൽ ആണികളാൽ തറയ്ക്കപ്പെട്ട് ആത്മീയബലി അർപ്പിക്കാനാണു ദൈവപുത്രൻ മനുഷ്യനായത്. ആ ആത്മീയ യാഥാർഥ്യം അനുസ്മരിപ്പിക്കുന്നതാണ് ക്രിസ്മസ് ട്രീ. മിശിഹായ്ക്കു മുന്പുതന്നെ റോമാ സംസ്കാരത്തിലെ ശൈത്യകാല ആചാരമായിരുന്നു ഹരിതമരം.
കച്ചവടസംസ്കാരത്തിൽ മുങ്ങിക്കുളിച്ചിരിക്കുന്ന ഇന്നത്തെ ക്രിസ്മസ് ആഗോളതലത്തിൽ പ്ലാസ്റ്റിക് വിസ്ഫോടനത്തിന്റെയും പ്രകൃതിമലിനീകരണത്തിന്റെയും ദിനങ്ങളായി മാറുന്നു എന്നത് ദുഃഖകരമായ സത്യമാണ്. അല്പം ബുദ്ധിമുട്ടിയാണെങ്കിലും പ്രകൃതിയോട് ഇണങ്ങുന്ന, പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്രിയാത്മകമായി, ആത്മീയ അർഥം ഉൾക്കൊണ്ടുകൊണ്ട് ക്രിസ്മസ് ആഘോഷിക്കാൻ നമുക്ക് ശ്രമിക്കാം.
ഒപ്പം, അപരന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് പരസ്നേഹത്തിൽ പ്രകാശിതമാകുന്ന ദൈവസ്നേഹം അഭ്യസിക്കാനും നമുക്ക് ഈ ക്രിസ്മസ് കാലത്ത് ശ്രമിക്കാം.