തങ്ക അങ്കി രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു
Monday, December 23, 2024 5:13 AM IST
ആറന്മുള: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. പ്രത്യേകം തയാറാക്കിയ രഥത്തില്‍ പോലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ചതാണ് തങ്ക അങ്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഇന്നലെ രാത്രി ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ആദ്യദിവസ യാത്ര അവസാനിപ്പിച്ചു. ഇന്നു രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാളെ പെരുനാട് ക്ഷേത്രത്തിലും വിശ്രമിക്കും. 25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും.
പമ്പയില്‍നിന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെട്ട് വൈകുന്നേരം അഞ്ചോടെ ശരംകുത്തിയില്‍ എത്തി ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകുന്നേരം 6.15ന് സന്നിധാനത്ത് എത്തി 6.30ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും.