ചേർത്തലയിൽ സമൂഹവിവാഹവേദിയിൽ സംഘർഷം
Monday, December 23, 2024 5:13 AM IST
ചേര്‍ത്തല: സംഘാടകര്‍ വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് സമൂഹവിവാഹവേദിയില്‍ സംഘർഷാവസ്ഥ. ഇന്നലെ ചേർത്തല വാരനാട് അഖിലാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വധുവരന്മാരുടെയും കുടുംബാംഗങ്ങളുടെയും തര്‍ക്കവും വാക്കേറ്റവും ബഹളവുമടക്കമുള്ള നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ സംഘര്‍ഷം തീര്‍ക്കാന്‍ അവസാനം പോലീസിന് ഇടപെടേണ്ടിവന്നു. സമൂഹവിവാഹ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ചേര്‍ത്തലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ സംഘര്‍ഷം കണ്ട് പിന്തിരിഞ്ഞു.
തര്‍ക്കത്തെത്തുടര്‍ന്ന് 35 പേരുടെ സമൂഹവിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന വേദിയില്‍ നടന്നത് ഒമ്പത് വിവാഹങ്ങള്‍ മാത്രമാണ്. വിവാഹത്തില്‍നിന്നു പിന്മാറിയ 22 പേരുടെയും വിവാഹിതരായ രണ്ട് നവദമ്പതികളുടെയും പരാതിയില്‍ സംഘാടകര്‍ക്കെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തു.
ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇന്നലെ 35 പേരുടെ സമൂഹവിവാഹം സംഘടിപ്പിച്ചത്. ഇതര ജില്ലകളില്‍നിന്നുമാണ് സംഘാടകര്‍ വധൂ-വരന്മാരെ തെരഞ്ഞെടുത്തത്. ഇടുക്കിയിലെ മുതുവാന്‍, മണ്ണാന്‍ സമുദായങ്ങളില്‍നിന്നു മാത്രം 22 വധുവരന്മാര് എത്തിയിരുന്നു. സ്വര്‍ണത്തിന്റെ താലിമാലയും രണ്ടു ലക്ഷം രൂപയും വിവാഹവസ്ത്രങ്ങളും നല്‍കാമെന്നു പറഞ്ഞാണ് സംഘാടകര്‍ വിവാഹത്തിനു ക്ഷണിച്ചതെന്ന് സമുദായനേതാവ് തങ്കന് പറഞ്ഞു. വിവാഹത്തിനു മുമ്പായി നടത്തിയ കൗണ്‍സലിംഗിലും ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞു.
പണവും സ്വര്‍ണവും മറ്റെല്ലാ ചെലവുകളും സ്പോണ്‍സര്‍ഷിപ്പുകളിലൂടെയും സംഭാവനകളിലൂടെയും ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വധുവരന്മാര്ക്കുള്ള വസ്ത്രങ്ങളും മാത്രമാണുള്ളതെന്ന് സംഘാടകര്‍ പറഞ്ഞതെന്ന് തങ്കന് വിശദീകരിച്ചു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹവേദിയില്‍ ബഹളത്തിനു വഴിതെളിച്ചത്. ഇടുക്കിയില്നിന്നുള്ളവരും മറ്റും വിവാഹവേദിയില്‍ കയറി മുദ്രാവാക്യം വിളിച്ചു.
പോലീസിന്റെ സന്നിധ്യത്തില്‍ രണ്ടുപ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഒടുവിൽ കൂടുതല്‍ പോലീസ് എത്തി വേദിയില്നിന്നുള്ളവരെ ബലം പ്രയോഗിച്ച് താഴെയിറക്കിയശേഷമാണ് ഒമ്പതു പേരുടെ വിവാഹം നടത്തിയത്. ഇടുക്കിയില്‍നിന്നുള്ള വധൂവരന്മാരോടൊപ്പം 75 പേര് രണ്ടു വാഹനങ്ങളിലായി എത്തിയിരുന്നു. ഇവര്‍ വന്ന വാഹനങ്ങളുടെ വാടകയ്ക്കുള്ള പണം പോലും സംഘാടകര്‍ നല്കില്ലെന്നാരോപിച്ച് ഓഡിറ്റോറിയ പരിസരത്തും തുടര്‍ന്ന് ചേര്‍ത്തല പോലീസ് സ്റ്റേഷനിലും പ്രതിഷേധം അരങ്ങേറി.
പോലീസിന്റെ സാന്നിധ്യത്തില്‍ സംഘാടകരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വാഹനങ്ങളുടെ വാടകയായി 25,000 രൂപ നല്കി. ആലപ്പുഴ ഡിവൈഎസ്പി എം.ആര്. മധുബാബു, ചേര്‍ത്തല എസ്ഐ കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
സമൂഹവിവാഹത്തിന്റെ സംഘാടകര്‍ പുറത്തിറക്കിയ നോട്ടീസില്‍ പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ഫോട്ടോകളും പേരുകളും ചേര്‍ത്ത് ജനങ്ങളില്‍നിന്നു വന്‍ പിരിവ് നടത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.