മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം: കത്തോലിക്ക കോൺഗ്രസ്
Tuesday, August 13, 2024 2:22 AM IST
കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോൾ പഴയ ഡാം ഡീകമ്മീഷൻ ചെയ്യാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണാധികാരികൾ നിസംഗത വെടിയണം. സുർക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ കർണാടകയില തുംഗഭദ്ര ഡാമിന്റെ ഷട്ടർ തകർന്ന വാർത്ത കേരളത്തിലെ ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പാണ്. തുംഗഭദ്രയെക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള മുല്ലപ്പെരിയാർ സുർക്കി ഡാമിനു കോൺക്രീറ്റ് കൊണ്ട് ബലം നൽകി എന്ന വാദം പോലും 40 ലക്ഷം ജനങ്ങളെ വച്ച് ചൂതാട്ടം നടത്തുന്നതിനു തുല്യമാണ്.
ജനങ്ങളുടെ ജീവൻ വച്ച് കോടതിയിൽ സമയം പാഴാക്കുന്ന നടപടി സ്വീകരിക്കാതെ തമിഴ്നാടിനു ജലവും കേരളത്തിന് സുരക്ഷിതത്വവും ഉറപ്പാക്കുന്ന നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം.
അപകടം നടന്നിട്ട് പ്രവർത്തിക്കുന്ന സർക്കാരുകളല്ല, ജനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന സർക്കാരുകളാണ് വേണ്ടത്. പുതിയ ഡാം നിർമിക്കാൻ സർക്കാരുകൾ ഉടൻ നടപടി എടുക്കണം. ഇല്ലെങ്കിൽ ജനങ്ങൾക്കൊപ്പം നിന്ന് ശക്തമായ പ്രതിഷേധങ്ങൾക്ക് തയാറാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഡോ. ജോസ്കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.