ഭക്തലക്ഷങ്ങൾക്ക് ദർശന സുകൃതമേകി ശബരിമലയിൽ മകരജ്യോതി
Wednesday, January 15, 2025 2:22 AM IST
ശബരിമല: മകരസംക്രമ സന്ധ്യയിൽ ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധനയും പൊന്നന്പലമേട്ടിലെ മകരജ്യോതിയും സംക്രമ നക്ഷത്രവും ഭക്തലക്ഷങ്ങൾക്ക് ദർശന സുകൃതമായി.
ഇന്നലെ വൈകുന്നേരം 6.43ന് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തിയ ശുഭമുഹൂർത്തത്തിലായിരുന്നു പൊന്നന്പലമേട്ടിലെ മകരവിളക്ക് ദർശനം. പ്രാർഥനാനിർഭരമായ കൂപ്പുകൈകളുമായി നിന്ന ഭക്തരുടെ കൺമുന്പിൽ രണ്ടു തവണ കൂടി മകരജ്യോതി മിന്നി മറഞ്ഞു. ഇതോടെ സന്നിധാനവും പരിസരവും പൂങ്കാവനമാകെയും ശരണം വിളികളാൽ മുഖരിതമായി.
പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണഘോഷയാത്രയെ വൈകുന്നേരം 5.30ന് ശരംകുത്തിയിൽ ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പതിനെട്ടാം പടി കയറിയെത്തിയ തിരുവാഭരണ ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ മന്ത്രി വി.എൻ. വാസവൻ, തമിഴ്നാട് ഹിന്ദുമത ധർമ സ്ഥാപന മന്ത്രി പി.കെ. ശേഖർ ബാബു, വി.കെ. ശ്രീകണ്ഠൻ എംപി, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, എംഎൽഎമാരായ പ്രമോദ് നാരായൺ, കെ.യു. ജനീഷ്കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തിരുവാഭരണ പേടകം പതിനെട്ടാം പടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തിച്ചപ്പോൾ ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച ശേഷം ദീപാരാധനയ്ക്കായി നടയടച്ചു.
അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച തിരുവാഭരണങ്ങൾ സന്ധ്യാദീപാരാധനയിൽ ചാർത്തുന്ന ചടങ്ങായിരുന്നു പിന്നീട്. തിരുവാഭരണം ചാർത്തി നട തുറന്ന് ദീപാരാധന ആരംഭിച്ചതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്.
കാർമേഘാവൃതമായ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയുടെ അന്തരീക്ഷത്തിലായിരുന്നു ഇത്തവണ സന്നിധാനത്തെ മകരവിളക്ക് ദർശനം. തുടർന്ന് തിരുവാഭരണം അണിഞ്ഞുള്ള ദർശനവും ആരംഭിച്ചു.
17 വരെ തിരുവാഭരണം അണിഞ്ഞുള്ള ദർശനം നടത്താം. മകരസംക്രമ മുഹൂർത്തമായ ഇന്നലെ രാവിലെ 8.45ന് മകരസംക്രമ പൂജ നടന്നു. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് എത്തിച്ച നെയ്യ് അഭിഷേകം ചെയ്തുകൊണ്ടായിരുന്നു സംക്രമ പൂജ.