ഹണി റോസിനെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം
Wednesday, January 15, 2025 2:22 AM IST
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ജാമ്യം അനുവദിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി നിലപാടുകളും ബോബിക്കെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിലയിരുത്തി ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് 50,000 രൂപയുടെ സ്വന്തവും സമാനത്തുകയ്ക്കുള്ള രണ്ടുപേരുടെയും ജാമ്യ ബോണ്ട് കെട്ടിവയ്ക്കണമെന്നതടക്കമുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ബോബിയുടെ ജ്വല്ലറി ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നതടക്കം ചൂണ്ടിക്കാട്ടി നടി നല്കിയ പരാതിയിലാണ് ഇക്കഴിഞ്ഞ എട്ടിന് ബോബിയെ അറസ്റ്റ് ചെയ്തത്.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെതിരേയാണ് ആരോപണങ്ങളെല്ലാം വ്യാജമാണെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ബോബി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനു ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും നിരന്തരം ആക്ഷേപിക്കുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ളയാളാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
‘ദ്വയാര്‍ഥമുണ്ട്’
പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരനെതിരേ നിലവിലെ കുറ്റം ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്നും പരാതിക്കാരിക്കെതിരേ നടത്തിയ വാക് പ്രയോഗത്തില്‍ ദ്വയാര്ഥമുണ്ടെന്നും ഏതു മലയാളിക്കും അതു മനസിലാകുമെന്നും കോടതി പറഞ്ഞു.
അതേസമയം, തന്റെ വ്യക്തിപരമായ നേട്ടങ്ങളും സമൂഹത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഹര്ജിക്കാരന് കോടതിയിൽ ചൂണ്ടിക്കാട്ടി. നടിയായോ ഗായികയായോ സംഗീതജ്ഞയായോ കായിക, പ്രഫഷണല്‍ മേഖലകളിലോ പരാതിക്കാരി പ്രശസ്തയല്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
എന്നാൽ, പരാതിക്കാരിക്ക് സമൂഹത്തിലുള്ള സ്ഥാനം സംബന്ധിച്ച് ഹര്ജിക്കാരന് മറ്റുള്ളവരുടെ വക്കാലത്തെടുത്ത് സംസാരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വാദം ഉന്നയിക്കുന്നില്ലെന്നും ഭാവിയില്‍ ഇത്തരം പ്രയോഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടാകില്ലെന്നും ഹർജിക്കാരന്റെ അഭിഭാഷകര്‍ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. തുടര്‍ന്നാണ് എല്ലാ സാഹചര്യങ്ങളും വിലയിരുത്തി കോടതി ജാമ്യം അനുവദിച്ചത്.
ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോസ്ഥന് മുമ്പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെയും മറ്റും ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്, കേസിനെ ബാധിക്കുന്ന നടപടികളൊന്നും പാടില്ല, സമാനമായ കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയവയാണ് മറ്റു ജാമ്യവ്യവസ്ഥകൾ.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍, ആവശ്യമെങ്കില്‍ നിയമപരമായി ജാമ്യം റദ്ദാക്കാമെന്നും പ്രോസിക്യൂഷനും പരാതിക്കാരിക്കും ഇതിനു നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ആരും പൂര്‍ണരല്ലെന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്: ഹൈക്കോടതി
കൊച്ചി: ബോഡി ഷെയ്മിംഗ് സമൂഹം അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റൊരാളെക്കുറിച്ച് കറുത്തതാണ്, വെളുത്തതാണ്, പൊക്കം കൂടുതലാണ്, കുറവാണ്, മെലിഞ്ഞാണ്, തടിച്ചതാണ് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. ആരും പൂര്‍ണരല്ലെന്ന ബോധ്യമാണുണ്ടാകേണ്ടത്.
നമ്മുടെയെല്ലാം ശരീരത്തിനും മനസിനും ഹൃദയത്തിനും മാറ്റം വരും. അതിനാല്‍, ആണായാലും പെണ്ണായാലും മറ്റുള്ളവരെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.