ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ ജയിലില്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ചു
Wednesday, January 15, 2025 2:22 AM IST
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ സന്ദര്‍ശിച്ചെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ അന്വേഷണം.
ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ അടുപ്പക്കാര്‍ സന്ദര്‍ശക ഡയറിയില്‍ പേര് രേഖപ്പെടുത്താതെ ജയില്‍ സന്ദര്‍ശിച്ചുവെന്നും സൂപ്രണ്ടിന്റെ ഓഫീസില്‍ ബോബിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ജയില്‍ ആസ്ഥാനത്തു ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണു വിവരം. ഇവിടെ വച്ച് 200 രൂപ ബോബിക്ക് സന്ദര്‍ശകര്‍ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മധ്യമേഖല ജയില്‍ ഡിഐജി കഴിഞ്ഞ പത്തിന് കാക്കനാട് ജില്ലാ ജയില്‍ സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ജില്ലാ ജയില്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുമുണ്ട്. ജില്ലാ ജയിലുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചു. ഇതു പരിശോധിക്കാനാണ് ജയിലില്‍ പോയത്. അവിടെ വച്ച് ബോബിയെ കണ്ടിരുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്. ബോബിക്ക് പ്രത്യേക പരിഗണനയൊന്നും ജയില്‍ വകുപ്പ് നല്‍കിയിട്ടില്ല.
നിയമപ്രകാരമേ സന്ദര്‍ശകരെ ജയിലില്‍ പ്രവേശിപ്പിക്കുകയുള്ളൂ. സന്ദര്‍ശകരില്‍ വിഐപികള്‍ ആരുമില്ലെന്നുമാണ് ഡിഐജിയുടെ പ്രതികരണം. അതേസമയം ഉന്നത ഉദ്യോഗസ്ഥന്റെ ജയില്‍ സന്ദര്‍ശനം ബോബിക്ക് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കാനായിരുന്നുവെന്നാണ് ആരോപണം.
ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണ്ണൂരിന് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ടു നല്കി. പിന്നീട് ഇത് രേഖകളില്‍ എഴുതിച്ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും.