പത്തനംതിട്ടയിലെ കൂട്ടബലാത്സംഗം; പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ്
Tuesday, January 14, 2025 3:07 AM IST
തിരുവനന്തപുരം: പത്തനംതിട്ടയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കാണമെന്നും ഇവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി.
ഇത്തരം കേസുകളിൽ പോലീസ് പുലർത്തുന്ന അലംഭാവവും അതിന് ഇടതുസർക്കാർ നൽകുന്ന പ്രോത്സാഹനവുമാണ് സ്ത്രീകൾക്കെതിരായ ക്രൂരമായ പീഡനങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നതിനു കാരണ മെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ പലർക്കും പലതരത്തിലുള്ള സ്വാധീനമുള്ളവരാണ്. ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങൾ പ്രതികളുടെ ഭാഗത്തുനിന്നുണ്ടാകും. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുള്ള നടപടിയുണ്ടാകണം. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിയിൽ കുറ്റമറ്റ അന്വേഷണം പത്തനംതിട്ട പീഡന കേസിലുണ്ടാകണം.
നിഷ്പക്ഷമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ട്. ഒരു പ്രതിയും രക്ഷപെടരുത്. ആവശ്യമെങ്കിൽ കുടുംബത്തിന്റെയും ഇരയുടെയും അഭിപ്രായം തേടി അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ജനറൽ ആശുപത്രിയിൽ ഈ പെണ്‍കുട്ടിക്ക് ലൈംഗിക അതിക്രമം ഉണ്ടായതിൽ ആരോഗ്യമന്ത്രിയും സർക്കാരും മറുപടി പറയണം. സത്രീകൾക്കെതിരായ ലൈംഗിക അതിക്രമം നടക്കുന്ന ഇടമായി സർക്കാർ ആശുപത്രികൾ മാറിയെന്നത് ഇടതുസർക്കാരിന്റെ ഭരണനേട്ടമാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പരിഹസിച്ചു.