യുഡിഎഫിന്റെ മലയോര സമര പ്രചാരണയാത്ര 27 മുതൽ
Tuesday, January 14, 2025 1:59 AM IST
തിരുവനന്തപുരം: കാർഷിക മേഖലയോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും, ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടും യുഡിഎഫിന്റെ നേതൃത്വത്തിൽ ഈ മാസം 27 മുതൽ മലയോര സമര പ്രചാരണ യാത്ര നടത്തും.
വനം നിയമഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോണ്‍ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണയാത്ര ജനുവരി 27ന് കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽനിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം പാറശാല മണ്ഡലത്തിലെ അന്പൂരിയിൽ സമാപിക്കുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പത്രസമ്മേളനത്തിൽ അറിയിച്ചു . മലയോര സമരപ്രചാരണ യാത്രയിൽ 19 സ്ഥലങ്ങളിൽ കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും.
യുഡിഎഫ് നേതാക്കളായ കെ. സുധാകരൻ എംപി, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല. എം.എം. ഹസൻ, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജൻ, മാണി സി. കാപ്പൻ, അഡ്വ. രാജൻ ബാബു, രാജേന്ദ്രൻ വെള്ളപ്പാലത്ത് തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും.
വനംനിയമ ഭേദഗതി മൂലം 30 ലക്ഷം കർഷകർ അടിയന്തരാവസ്ഥ പോലെയാണ് ജീവിക്കുന്നതെന്ന് ഹസൻ ചൂണ്ടിക്കാട്ടി. വന്യജീവികളുടെ ശല്യം മൂലം ജനജീവിതം ദുഃസഹമായി. അക്രമകാരികളായ വന്യജീവികളെ വെടിവച്ചു കൊല്ലാമെന്ന് മാധവ് ഗാഡ്ഗിൽ ശിപാർശ ചെയ്തിട്ടും സംസ്ഥാന സർക്കാരിന് അനക്കമില്ല.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കു നല്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ്. ഇക്കോ സെൻസിറ്റിവ് സോണിലെ ജനവാസമേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള നടപടികളും ഉണ്ടാകുന്നില്ല. മലയോര സമര പ്രചാരണ യാത്രയിൽ ഈ വിഷയങ്ങളും ഉയർത്തുമെന്ന് ഹസൻ അറിയിച്ചു.
യാത്രയുടെ വിശദാംശങ്ങൾ
● ജനുവരി 27 രാവിലെ ഒന്‍പതിന് ഉളിക്കൽ (ഇരിക്കൂർ), 11 ന് ആറളം, വൈകുന്നേരം മൂന്നിന് കൊട്ടിയൂർ
● 28 രാവിലെ 10ന് മാനന്തവാടി, 12ന് ബത്തേരി, വൈകുന്നേരം മൂന്നിന് മേപ്പാടി, അഞ്ചിന് കോടഞ്ചേരി
● 30 രാവിലെ 10ന് നിലന്പൂർ, ഉച്ചയ്ക്ക് രണ്ടിന് കരുവാരക്കുണ്ട്, വൈകുന്നേരം അഞ്ചിന് മണ്ണാർക്കാട്
● 31 രാവിലെ 10ന് അതിരപ്പള്ളി, വൈകുന്നരം നാലിന് കോതമംഗലം
● ഫെബ്രുവരി ഒന്ന് രാവിലെ 10 ന് അടിമാലി, ഉച്ചയ്ക്ക് രണ്ടിന് ചെറുതോണി, വൈകുന്നേരം അഞ്ചിന് കുമളി
● നാല് രാവിലെ 10ന് മുണ്ടക്കയം, വൈകുന്നേരം മൂന്നിന് ചിറ്റാർ, വൈകുന്നേരം അഞ്ചിന് പിറവന്തൂർ-അലിമുക്ക്(പത്തനാപുരം)
● അഞ്ച് രാവിലെ 10ന് പാലോട്, വൈകുന്നേരം നാലിന് സമാപനം അന്പൂരിയിൽ