നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്
Tuesday, January 14, 2025 3:08 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി.വി. അന്‍വര്‍, സ്ഥാനം രാജിവച്ചതോടെ ആറ് മാസത്തിനുള്ളില്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. 45 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉപതെരഞ്ഞെടുപ്പിനു നിലമ്പൂര്‍ ഒരുങ്ങുന്നത്. 1980ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വനം, തൊഴില്‍ മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദിനു മത്സരിക്കുന്നതിനു വേണ്ടി സിറ്റിംഗ് എംഎല്‍എ സി. ഹരിദാസ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മുല്ലപ്പള്ളി രാമചന്ദ്രനെ 17,841 വോട്ടുകള്‍ക്ക് അന്ന് ആര്യാടന് മുഹമ്മദ് തോല്‍പ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍കൂടി നിലമ്പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സംജാതമാകുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് ക്യാമ്പുകള്‍ തന്ത്രങ്ങള്‍ മെനയാന്‍ അണിയറയില്‍ നീക്കം തുടങ്ങി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍സ്ഥാനം ഏറ്റെടുക്കുന്നതിനാണ് പി.വി. അന്‍വര്‍, എംഎല്‍എസ്ഥാനം രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ അയോഗ്യത കല്പ്പിക്കുന്നതിനു തടയിടാന്‍കൂടിയാണ് അദ്ദേഹം പെട്ടെന്നു രാജി സമര്‍പ്പിച്ചത്.
നിലമ്പൂര്‍ മണ്ഡലത്തിലെ എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍ നാലു വീതം ഇരുപക്ഷത്തിനുമുണ്ട്. നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, അമരമ്പലം, ചുങ്കത്തറ എന്നിവിടങ്ങളില്‍ എല്‍ഡിഎഫും എടക്കര, വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ യുഡിഎഫുമാണു ഭരിക്കുന്നത്. ഇരുമുന്നണികളും മണ്ഡലത്തില്‍ തുല്യശക്തികളാണ്.
2016ല്‍ നഷ്ടമായ തങ്ങളുടെ കുത്തക മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ യുഡിഎഫ് ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എന്നിവരില്‍ ഒരാളായിരിക്കും സ്ഥാനാര്‍ഥി.
വി.എസ്. ജോയ് മത്സരിച്ചാല്‍ നിലമ്പൂരില്‍ നിരുപാധിക പിന്തുണയും അന്‍വര്‍ പറഞ്ഞുവയ്ക്കുന്നു. ഇടതുമുന്നണിയെ സംബന്ധിച്ച് പി.വി. അന്‍വര്‍ പുറത്തുപോയത് പാര്‍ട്ടിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്നു തെളിയിക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ത്തന്നെ നിലമ്പൂരിലെ വിജയം മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അഭിമാന പോരാട്ടംകൂടിയാണ്.
പി.വി. അന്‍വറിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ നിലമ്പൂരില്‍ സിപിഎമ്മിനു വലിയ നേട്ടം ഉണ്ടാക്കി ക്കൊടുത്തിരുന്നു. ഇപ്പോള്‍ രാജിവച്ച് അന്‍വര്‍ എതിര്‍ചേരിയില്‍ നില്ക്കുമ്പോള് സിപിഎമ്മിനു മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചില്ലറയല്ല. 20 വര്‍ഷത്തിനു ശേഷമാണു വികസന മുന്നണി ഉണ്ടാക്കി എല്‍ഡിഎഫ് ഭരണം പിടിച്ചത്.
അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായിരുന്നു വിജയം. 2016 ലും 2021ലും ആര്യാടന് മുഹമ്മദിന്റെ തട്ടകത്തില്‍ അന്‍വറിനായിരുന്നു ഭൂരിപക്ഷം. ഒന്നര പതിറ്റാണ്ടിനു ശേഷം അമരമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫിനു ഭരണം നേടിക്കൊടുത്തതും അന്‍വറിന്റെ രാഷ്ട്രീയതന്ത്രത്തിന്റെ ഫലമായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉപതെരഞ്ഞെടുപ്പുൽ സ്ഥാനാർഥിയാകാനാണു കൂടുതൽ സാധ്യത. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പദ്മാക്ഷന്, നിലമ്പൂര്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീം, മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയി എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.
വന്യമൃഗശല്യം അതിരൂക്ഷമായ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലെ പ്രധാനവിഷയവും ഇതുതന്നെയായിരിക്കും. ഇത് ഇരു മുന്നണികളുടെയും ഉറക്കംകെടുത്തും. സിപിഎമ്മിലും കോണ്‍ഗ്രസിലും നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളിലും ആശങ്കയുണ്ട്.
ബിജെപി ഇക്കുറി കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നാണു സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടിന്റെ വര്‍ധനയാണ് ഇതിനു കാരണം. ജില്ലാതലത്തിലുള്ള നേതാക്കള്ക്കാണുബിജെപിയിൽ മുന്‍ഗണന. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകളും നിര്‍ണായകമാകും.