സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിഷേധ ദിനാചരണം 22ന്
Tuesday, January 14, 2025 1:59 AM IST
തൃശൂർ: 22നു സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സ്കൂൾ പാചകത്തൊഴിലാളികളുടെ നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളം ഉടൻ വിതരണം ചെയ്യുക, എല്ലാ മാസവും കൃത്യമായി ശമ്പളം നൽകുക, പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധദിനം ആചരിക്കുക.
പാചകത്തൊഴിലാളികളുടെ തൊഴിൽഭാരം ലഘൂകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സംസ്ഥാന സർക്കാരിനു നൽകിയ പഠനറിപ്പോർട്ട് നടപ്പാക്കാതെ തൊഴിലാളികളുടെ അധ്വാനത്തെ ഇടതുസർക്കാർ ചൂഷണം ചെയ്യുന്ന നിലപാടിനെതിരേ വ്യാപകമായ പ്രതിഷേധം രേഖപ്പെടുത്തും.
സർക്കാർജീവനക്കാർ നടത്തുന്ന സമരത്തോടൊപ്പം ഇങ്ങനെയും ഒരു വിഭാഗം ജീവിച്ചിരിപ്പുണ്ടെന്നു സമൂഹത്തെ ബോധ്യപ്പെടുത്താനാണു പ്രതിഷേധദിനം ആചരിക്കുന്നത്.
ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരേ ശക്തമായ പ്രചാരണമാണ് പ്രതിഷേധദിനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നു സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് വ്യക്തമാക്കി.