മുഖ്യമന്ത്രിയും ഉപജാപകസംഘവുമാണ് ആരോപണത്തിനു പിന്നിലെന്നു തെളിഞ്ഞു: വി.ഡി. സതീശൻ
Tuesday, January 14, 2025 3:07 AM IST
സുൽത്താൻ ബത്തേരി: പി.വി. അൻവർ സ്വന്തം തീരുമാനത്തിന്റെ ഭാഗമായാണു രാജിവച്ചതെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നു പറഞ്ഞത് നല്ല കാര്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തനിക്കെതിരേ ആരോപണം ഉന്നയിച്ചതിന് അദ്ദേഹം പൊതുമാപ്പ് പറഞ്ഞതിനെ സ്വീകരിക്കുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ താൻ പറഞ്ഞിരുന്നതായും സതീശൻ സുൽത്താൻ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണുപുറത്തുവന്നത്. അന്ന് മുഖ്യമന്ത്രിക്കെതിരേ ആരോപണം ഉയർന്നപ്പോൾ അതിനെ പ്രതിരോധിക്കാനാണു പ്രതിപക്ഷ നേതാവിനെതിരേ കെട്ടിച്ചമച്ച ആരോപണം ഉണ്ടാക്കിയത്.
ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തിയ വിജിലൻസ് അത് തള്ളിക്കളയുകയും ചെയ്തു. തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് സിപിഎമ്മിലെ ഉന്നത നേതാക്കളായിരുന്നെന്നും അൻവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്.
അൻവറിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് ഒരു നിലപാടുമില്ല. പാർട്ടിയും മുന്നണിയും ചർച്ച ചെയ്യേണ്ട സമയത്ത് ചർച്ച ചെയ്ത് ഉചിത തീരുമാനം എടുക്കും. വാതിൽ അടച്ചിട്ടുമില്ല വാതിൽ തുറന്നിട്ടുമില്ല. നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സ്ഥാനാർഥി ആരെന്നു കോണ്ഗ്രസ് തീരുമാനിക്കും.
“എൻ.എം. വിജയന്റെ മരണശേഷം ആദ്യമായാണ് വയനാട്ടിൽ എത്തുന്നത്. ഇന്ന് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. മകനെ പ്രകോപിപ്പിച്ച് എനിക്കെതിരേ തിരിക്കാൻ ഒരു മാധ്യമ പ്രവർത്തകൻ അന്ന് ശ്രമിച്ചു. കത്ത് കിട്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോയെന്നാണു മാധ്യമപ്രവർത്തകൻ ചോദിച്ചത്.
പറവൂരിലെ ഓഫീസിൽ എത്തിയാണ് കുടുംബാംഗങ്ങൾ എനിക്ക് കത്ത് നൽകിയത്. കത്തിലെ ക്ലാരിറ്റി കുറവുള്ള ഭാഗങ്ങൾ ഞാൻ അവരോടു ചോദിച്ചു മനസിലാക്കി.കെപിസിസി അധ്യക്ഷൻ വന്നാൽ ഉടൻ തീരുമാനം പറയാമെന്നാണ് അവരെ അറിയിച്ചത്.
പിന്നീട് പോലീസ് വന്ന് കത്ത് എടുത്തുകൊണ്ടു പോയപ്പോഴാണ് അവർ മാധ്യമങ്ങളോടു കത്തിന്റെ കാര്യം പറഞ്ഞത്. ബിജെപിയും സിപിഎമ്മും സമ്മർദം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞത് മകനല്ല, ഒപ്പം വന്നയാളാണ്. ആ കുടുംബത്തെക്കുറിച്ച് മോശമായ ഒന്നും ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി കമ്മിറ്റിയുടെ റിപ്പോർട്ട് വന്നാൽ ഉടൻ ഇതു സംബന്ധിച്ച് തീരുമാനം എടുക്കും”-സതീശൻ പറഞ്ഞു.