റേഷന്‍ വ്യാപാരികൾ പ്രതിസന്ധിയിലെന്ന് സംയുക്ത സമരസമിതി
Tuesday, January 14, 2025 1:59 AM IST
കോട്ടയം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ പാടേ അവഗണിക്കപ്പെടുകയാണെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ആരോപിച്ചു.
95 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്ന, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ സൗജന്യങ്ങളും സാധാരണക്കാര്‍ക്ക് യഥാസമയം വിതരണം ചെയ്യുന്ന സംസ്ഥാനത്തെ 14,300ലധികം റേഷന്‍ കടക്കാര് പ്രതിസന്ധിയിലാണ്. വ്യാപാരികള്‍ക്കു 2018ല്‍ നടപ്പാക്കിയ വേതന പാക്കേജ് വഴി ലഭിക്കുന്ന തുച്ഛമായ കമ്മീഷന്/ഇന്‍സെന്റീവ് മാത്രമാണ് വരുമാനമായി ലഭിക്കുന്നത്.
റേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കും സെയില്സ്മാന്മാര്ക്കും ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വേതനം നല്കാന് നടപടിയുണ്ടാകണം. കൂടാതെ വേതനം അതാതുമാസം ലഭിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണം. ക്ഷേമനിധിയില്‍ സര്‍ക്കാര്‍ സഹായവും മുടക്കുമുതലിന് പലിശരഹിത വേതനവും നല്‍കണം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ധനമന്ത്രി, ഭക്ഷ്യമന്ത്രി, ചീഫ് സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, ധനവകുപ്പ് സെക്രട്ടറി, പൊതുവിതരണ ഉപഭോക്തൃകാര്യ വിതരണ വകുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് സംയുക്ത സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, കെ.ബി. ബിജു, ജി. ശശിധരന്, സുരേഷ് കാരേറ്റ് എന്നിവര്‍ അറിയിച്ചു.