പത്തനംതിട്ടയിലെ പീഡനക്കേസ് ; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും
Monday, January 13, 2025 2:59 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു.
ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് അന്വേഷിക്കുക. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ, പത്തനംതിട്ട, ഇലവുംതിട്ട, റാന്നി, വനിതാ പോലീസ് എസ്എച്ച്ഒമാർ എന്നിവർ സംഘാംഗങ്ങളാണ്. ഇതുവരെ 14 എഫ്ഐആറുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലാകുന്നവർക്കെതിരേ ഒരു മാസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നടപടികൾ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ തിരക്കിലാണ് ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ. മകരവിളക്ക് കഴിഞ്ഞാൽ അന്വേഷണം വേഗത്തിലാക്കും. പിടിയിലാകുന്നവർക്കെതിരേ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ചശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്.
അഞ്ചു വർഷമായി നടന്ന പീഡനമായതിനാൽ പ്രതികളും പെൺകുട്ടിയുമായി നടന്ന മൊബൈൽ ഫോൺ ചാറ്റിംഗിനെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ കമ്പനികളെ സമീപിക്കേണ്ടതുണ്ട്.
രണ്ടു വർഷത്തിൽ കൂടുതലുള്ള ഡാറ്റകൾ ചില മൊബൈൽ കമ്പനികൾ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.പീഡിപ്പിച്ച നാൽപ്പതോളം പേരുടെ നമ്പറുകളാണ് പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.ഇതിനിടെ, പീഡനക്കേസിൽ അറസ്റ്റിലായ ചില വിദ്യാർഥികളുടെ ബന്ധുക്കൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു.
പ്രായപൂർത്തിയാകാത്ത മക്കൾ അറസ്റ്റിലായതിന്റെ ഞെട്ടലിലായ മാതാപിതാക്കളും ബന്ധുക്കളുമാണ് സ്റ്റേഷനിൽ എത്തിയത്. വിശദമായ പരിശോധനയ്ക്കുശേഷമാണ് കുറ്റാരോപിതരെ നിർണയിച്ചതെന്ന് പോലീസ് പറഞ്ഞു.
രാത്രിയിൽ വീടുകൾ വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ അച്ഛന്റെ ഫോണിലൂടെ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ചാറ്റ് ചെയ്തശേഷം പീഡിപ്പിച്ചവരെയാണു പിടികൂടിയതെന്ന് അന്വേഷണസംഘം പറയുന്നു.
ഇതിനിടെ പീഡനക്കേസുകളുമായി ബന്ധപ്പെട്ട് എട്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
നേരത്തേ കേസിൽ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട, ഇലവുംതിട്ട പോലീസ് സ്റ്റേഷനുകളിലായാണ് നിലവിൽ കേസുകളെടുത്തിരിക്കുന്നത്.കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.