ബ്രാന്‍ഡാകാന്‍ കെഎസ്ആര്‍ടിസി
Monday, January 13, 2025 2:58 AM IST
കൊച്ചി: സാമ്പത്തികപ്രതിസന്ധി മൂലം അസൗകര്യങ്ങള്‍ നിറഞ്ഞ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടിപൊളിയാകാന്‍ പോകുന്നു. എല്ലാ ഡിപ്പോകളും ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചു.
കൊച്ചി മെട്രോ സ്റ്റേഷനുകള്‍ കമ്പനികള്‍ ബ്രാന്‍ഡ് ചെയ്ത മാതൃകയിലാകും പദ്ധതി. ഇതിനായി സ്വകാര്യ കമ്പനികള്‍ താത്പര്യം അറിയിച്ചതിനു പിന്നാലെ ഇതിന്മേലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്താകെ 93 കെഎസ്ആര്‍ടിസി ഡിപ്പോകളാണുള്ളത്.
ആദ്യഘട്ടത്തില്‍ നാലു ഡിപ്പോകളാണ് ബ്രാന്‍ഡ് ചെയ്യുക. ബാക്കിയുള്ളവ വൈകാതെ ഇതേ മാതൃകയില്‍ ബ്രാന്‍ഡ് ചെയ്യും. ഓരോ ഡിപ്പോയും ഓരോ കമ്പനിയാകും ഏറ്റെടുക്കുക. ഇവര്‍ക്ക് കമ്പനിയുടെ കളര്‍കോഡുകളും ലോഗോയും ഡിപ്പോയില്‍ പെയിന്റ് ചെയ്യാം. പരസ്യങ്ങള്‍ നല്‍കുകയും ചെയ്യാം.
കരാര്‍ കാലാവധി ചര്‍ച്ച ചെയ്തു തീരുമാനിക്കും. അതേസമയം ഡിപ്പോകളുടെ നടത്തിപ്പും ഉടമസ്ഥതയും കെഎസ്ആര്ടിസിക്കുതന്നെയായിരിക്കും. കാത്തിരിപ്പുകേന്ദ്രങ്ങള്‍, സ്റ്റാന്‍ഡിന്റെ നവീകരണം, ടോയ്ലറ്റ് സംവിധാനം എന്നിവയ്ക്കുപുറമേ രാത്രികാലങ്ങളില്‍ സ്ത്രീയാത്രക്കാര്ക്കടക്കം സുരക്ഷിതമായി ഡിപ്പോകളിലിരിക്കാന് ആവശ്യമായ വെളിച്ചസംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കമ്പനികള്‍ ഒരുക്കണം.