വിജയന്റെ മരണത്തിനു കാരണം കോണ്ഗ്രസ് പാർട്ടിയിലെ ഉൾപ്പോര്: എം.വി. ഗോവിന്ദൻ
Tuesday, January 14, 2025 3:07 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിനിടയാക്കിയത് കോണ്ഗ്രസ് പാർട്ടിയിലെ ഉൾപ്പോരാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എൻ.എം. വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം വരുത്തിവച്ച ബാധ്യതയുടെ പേരിലാണ് വിജയൻ ആത്മഹത്യ ചെയ്തത്.
പാർട്ടി നേതൃത്വത്തിന് കത്ത് നൽകിട്ടും നേതൃത്വം ഇത് ഗൗനിക്കാൻ തയാറാകാത്തതാണ് വിജയനെ മരണത്തിലേക്ക് നയിച്ചത്. കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയാണു കോണ്ഗ്രസ്. വിജയന്റെയും മകന്റെയും മരണത്തിൽ വേദനിച്ച് കഴിയുന്ന കുടുംബത്തെ ആക്രമിക്കുകയാണ് കോണ്ഗ്രസ് നേതൃത്വം ചെയ്തത്.
വിജയന്റെ കുടുംബത്തിനു പ്രത്യേകിച്ച് ഓഫറുകളൊന്നും സിപിഎം നൽകിയിട്ടില്ല. നിലവിൽ കുടുംബത്തെ സംരക്ഷിക്കാനും പാർട്ടി തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു ആവശ്യം വരുന്നഘട്ടം വന്നാൽ സിപിഎം കൂടെനിൽക്കും. പി.വി. അൻവറുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ല. അൻവറുമായി എല്ലാ ബന്ധവും വിച്ഛേദിച്ചതാണ്.
അദ്ദേഹം ഡിഎംകെയിലോ തൃണമൂലിലോ എവിടെയായാലും പാർട്ടിക്ക് ഒന്നുമില്ല. എല്ലാത്തിനും ഒറ്റ ഉത്തരമേയുള്ളൂ വെന്നും അദ്ദേഹം യുഡിഎഫിലാണെന്നും ഗോവിന്ദൻ പറഞ്ഞു.