ഹണി റോസിന്റെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍
Monday, January 13, 2025 2:59 AM IST
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിക്കും.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെതിരേ ഹണിറോസ് എറണാകുളം സെന്‍ട്രല്‍ പോലീസിലാണു പരാതി നല്‍കിയത്. സൈബറിടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം.
താനും കുടുംബവും കടുത്ത മാനസിക സമ്മർദം നേരിടുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്ന് ഹണിറോസ് കഴിഞ്ഞദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരേ തിരിക്കാനും എന്ന ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയുമാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്നുമായിരുന്നു കുറിപ്പില്‍ ഹണി റോസ് ആരോപിച്ചിരുന്നത്.